ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ പാകിസ്ഥാനെതിരെ ഒരോവറില്‍ 18 പന്തെറിഞ്ഞ് ഓസ്ട്രേലിയന്‍ താരം ജോണ്‍ ഹേസ്റ്റിംഗ്സ്. ആദ്യ അഞ്ച് പന്തുകളും വൈഡെറിഞ്ഞശേഷമാണ് ഹേസ്റ്റിംഗ് ആദ്യ ലീഗല്‍ ഡെലിവെറി എറിഞ്ഞത്.

ലണ്ടൻ: ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ഓസ്ട്രേലിയന്‍ താരം ജോണ്‍ ഹേസ്റ്റിംഗ്സ്. പാകിസ്ഥാന്‍ ചാമ്പ്യൻസിനെതിരായ അവസാന ലീഗ് മത്സരത്തില്‍ ഒരോവറില്‍ 18 പന്തെറിഞ്ഞാണ് ഹേസ്റ്റിംഗ്സ് നാണംകെട്ടത്.

ആദ്യ പന്തെറിയുന്നതിന് മുമ്പ് തന്നെ ഹേസ്റ്റിംഗ്സ് അഞ്ച് വൈഡുകളെറിഞ്ഞിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 11.5 ഓവറില്‍ 74 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 7.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെയാണ് പാകിസ്ഥാന്‍ ചാമ്പ്യൻസ് ലക്ഷ്യത്തിലെത്തിയത്. എട്ടാം ഓവര്‍ എറിയാനായി ഹേസ്റ്റിംഗ്സ് വരുമ്പോള്‍ 20 റണ്‍സായിരുന്നു പാകിസ്ഥാന്‍ ചാമ്പ്യൻസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ആദ്യ അഞ്ച് പന്തുകളും വൈഡെറിഞ്ഞശേഷമാണ് ഹേസ്റ്റിംഗ് ആദ്യ ലീഗല്‍ ഡെലിവെറി എറിഞ്ഞത്. അടുത്ത പന്തില്‍ ബൗണ്ടറി വഴങ്ങിയ ഹേസ്റ്റിംഗിന്‍റെ മൂന്നാം പന്ത് നോ ബോളായി. പിന്നീട് തുടര്‍ച്ചയായി രണ്ട് വൈഡുകള്‍ കൂടി എറിഞ്ഞു. അടുത്ത പന്തില്‍ ഒരു റണ്‍സ്, വീണ്ടും വൈഡ്. അടുത്ത പന്തില്‍ റണ്ണില്ല, പിന്നീട് തുടര്‍ച്ചയായി എറിഞ്ഞത് അഞ്ച് വൈഡുകള്‍. ഇതോടെ പാകിസ്ഥാന്‍ മത്സരം ജയിച്ചതിനാല്‍ ഹേസ്റ്റിംഗിന് കൂടുതല്‍ വൈഡ് എറിഞ്ഞ് തളരേണ്ടിവന്നില്ല.

Scroll to load tweet…

ഓവറില്‍ 12 വൈഡും ഒരു നോ ബോളും ഒരു ബൗണ്ടറിയും രണ്ട് സിംഗിളും ഒരു ലെഗ് ബൈയും അടക്കം വെറും അഞ്ച് പന്ത് മാത്രമെറിഞ്ഞ ഹേസ്റ്റിംഗ് വഴങ്ങിയത് 20 റണ്‍സായിരുന്നു. പാകിസ്ഥാനുവേണ്ടി ഷര്‍ജീല്‍ ഖാനും(32), ഷൊയ്ബ് മഖ്‌സൂദും പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 3.5 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത സയ്യിദ് അജ്മലിന് മുമ്പിലാണ് തകര്‍ന്നടിഞ്ഞത്.

26 റണ്‍സെടുത്ത ബെന്‍ ഡങ്കും 10 റണ്‍സെടുത്ത കാളം ഫെര്‍ഗ്യൂസനും മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. തോറ്റെങ്കിലും ഓസീസ് സെമിയിലെത്തി. ദക്ഷിണാഫ്രിക്കയാണ് ഓസീസിന്‍റെ സെമിയിലെ എതിരാളി. രണ്ടാം സെമിയില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക