ഇടംവലം നോക്കാതെ മുംബൈ ബൗളര്‍മാരെ അടിച്ചുപറത്തി കേരളത്തിന്‍റെ സൽമാൻ നിസാർ, കാണാം വീഡിയോ

ഹൈദരാബാദ്: മുംബൈ ടീമിനെ പരാജയപ്പെടുത്തുക, ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രം കേരളത്തിന് കൈവരുന്ന ഭാഗ്യമാണത്. സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ മുംബൈയെ 43 റണ്‍സിന് തകര്‍ത്തപ്പോള്‍ അതുകൊണ്ടുതന്നെ ഫലം കേരളത്തിന് അല്‍പം സ്‌പെഷ്യലാണ്. മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് മധ്യനിര ബാറ്റര്‍ സല്‍മാന്‍ നിസാറായിരുന്നു. മുംബൈയുടെ ഇന്ത്യന്‍ പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിനെ അടക്കം അടിച്ചുപറത്തിയായിരുന്നു സല്‍മാന്‍റെ ബാറ്റിംഗ് താണ്ഡവം. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ 234-5 എന്ന ഹിമാലയന്‍ സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ സല്‍മാന്‍ നിസാറായിരുന്നു ടോപ്പര്‍. അഞ്ചാമനായി ക്രീസിലെത്തിയ സല്‍മാന്‍ 49 പന്തുകളില്‍ 5 ഫോറും 8 സിക്‌സറും ഉള്‍പ്പടെ 202.04 പ്രഹരശേഷിയില്‍ 99 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. കേരള ഇന്നിംഗ്‌സിലെ 20-ാം ഓവറില്‍ പരിചയസമ്പന്നനായ മുംബൈ പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിനെ മൂന്ന് സിക്‌സിനും ഒരു ഫോറിനും ശിക്ഷിച്ചാണ് സല്‍മാന്‍ നിസാര്‍ വ്യക്തിഗത സ്കോര്‍ 99ലെത്തിച്ചത്. ഷര്‍ദ്ദുലിന്‍റെ അവസാന ബോളില്‍ പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയ താരം ടീം സ്കോര്‍ 234ലേക്ക് എത്തിക്കുകയും ചെയ്തു. കളിയില്‍ ഷര്‍ദ്ദുല്‍ ഏറ്റവും കൂടുതല്‍ അടി വാങ്ങിയത് സല്‍മാനില്‍ നിന്നാണ്. ഷര്‍ദ്ദുല്‍ താക്കൂറിന് എതിരായ സല്‍മാന്‍ നിസാറിന്‍റെ ബാറ്റിംഗ് കാണാം. 

Scroll to load tweet…

മത്സരത്തില്‍ കേരളം 43 റണ്‍സിന്‍റെ വിജയം പേരിലാക്കിയപ്പോള്‍ സല്‍മാന്‍ നിസാര്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്‍റെ 234 റണ്‍സ് പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ 191-9 എന്ന സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ. സല്‍മാന്‍ നിസാറിന് പുറമെ ബാറ്റിംഗില്‍ ഓപ്പണര്‍ രോഹന്‍ എസ് കുന്നുമ്മലും (48 പന്തുകളില്‍ 87), ബൗളിംഗില്‍ പേസര്‍ നിധീഷ് എം ഡിയും (30-4) തിളങ്ങി. 

Read more: 69-1, ആരെങ്കിലും ചോദിച്ചാൽ കേരളത്തിന്‍റെ സൽമാൻ നിസാർ 'പഞ്ഞിക്കിട്ടതാണെന്ന്' പറഞ്ഞേക്ക്; ഷർദ്ദുൽ നാണക്കേടില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം