കൊളംബോ: വേറിട്ട ആക്ഷനില്‍ 150 കി.മീ വേഗത്തില്‍ മൂളിപ്പായുന്ന വിനാശകാരികളായ യോര്‍ക്കറുകളുടെ ഫാക്‌ടറിയായിരുന്നു ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ. മലിംഗയുടെ പേസ് പോലെ ബാറ്റ്‌സ്‌മാനെ കുഴക്കിയിരുന്നു അദേഹത്തിന്‍റെ വേറിട്ട ആക്ഷനും. ടെസ്റ്റ്- ഏകദിന ക്രിക്കറ്റുകള്‍ മതിയാക്കിയെങ്കിലും മലിംഗയുടെ ആക്ഷന്‍ മൈതാനത്ത് ക്രിക്കറ്റ് ആസ്വാദകര്‍ക്ക് ഏറെക്കാലം കാണാനായേക്കും.

നുവാന്‍ തുഷാരയെന്ന ലങ്കന്‍ ബൗളറാണ് മലിംഗയുടെ ആക്ഷനില്‍ പന്തെറിഞ്ഞ് ശ്രദ്ധ നേടുന്നത്. മലിംഗയുടെ ചുരുളന്‍ മുടിയും ആക്ഷനുമുള്ള നുവാനെ 'ലിറ്റില്‍ മലിംഗ' എന്നാണ് കൊളംബോയിലെ ക്രിക്കറ്റ് പ്രേമികള്‍ വിളിക്കുന്നത്. 24കാരനായ താരം അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 10 ലിസ്റ്റ് എ, 14 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മലിംഗയെ അനുകരിക്കുകയല്ല, ആക്ഷന്‍ സ്വാഭാവികമായി വന്നുചേര്‍ന്നതാണ് എന്നാണ് നുവാന്‍ തുഷാര പറയുന്നത്. നുവാന്‍ പന്തെറിയുന്ന വീഡിയോ കാണുക.

15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനൊടുവില്‍ മലിംഗ കഴിഞ്ഞ ആഴ്‌ച ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തില്‍ 38 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് മലിംഗ ഏകദിനം മതിയാക്കിയത്. ശ്രീലങ്കയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ഏകദിന വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളറാണ്. 226 മത്സരങ്ങളിൽ നിന്ന് 338 വിക്കറ്റ് നേടി. 2004 ജൂലൈയിൽ യുഎഇക്കെതിരെ ആയിരുന്നു മലിംഗയുടെ ഏകദിന അരങ്ങേറ്റം. 2010ൽ ടെസ്റ്റിൽ നിന്ന് വിരമിച്ചു.