ഈഡന്‍ പാര്‍ക്ക്: ന്യൂസിലന്‍ഡില്‍ ആഭ്യന്തര ടി20 ടൂര്‍ണമെന്‍റായ സൂപ്പര്‍ സ്‌മാഷ് ക്രിക്കറ്റ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഓക്‌ലന്‍ഡ് എയ്‌സസും സെന്‍ട്രല്‍ ഡിസ്‌ട്രിക്‌‌ട്‌സും തമ്മിലുള്ള മത്സരത്തില്‍ ഒരു അമ്പരപ്പിക്കുന്ന ക്യാച്ചിനാണ് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായത്. മാര്‍ട്ടിന്‍ ഗുപ്‌റ്റിലായിരുന്നു ബൗണ്ടറിയില്‍ ഈ ജഗ്ലിങ് ക്യാച്ചിന് പിന്നില്‍. 

ഈഡന്‍ പാര്‍ക്കില്‍ 200 റണ്‍സ് വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്ത ഓക്‌ലന്‍ഡ് എയ്‌സസ് മുന്നോട്ടുവച്ചത്. സെന്‍ട്രല്‍ ഡിസ്‌ട്രിക്‌‌ട്‌സിന്‍റെ മറുപടി ബാറ്റിംഗില്‍ നാലാം ഓവറില്‍ ഓപ്പണര്‍ ജോര്‍ജ് വര്‍ക്കര്‍, ലൂയിസ് ഡെല്‍പോര്‍ട്ടിനെ ലോങ് ഓണിലേക്ക് പറത്തി. ബൗണ്ടറിക്കരികെ നിന്ന് ഓടിയെത്തിയ ഗുപ്റ്റില്‍ പറന്ന് ക്യാച്ചെടുത്തു. ഒരുതവണ കൈയില്‍ നിന്ന് പന്ത് വഴുതിമാറിയ ശേഷമായിരുന്നു അതേ പറക്കലില്‍ തന്നെ രണ്ടാമൂഴത്തില്‍ ഗുപ്‌റ്റിലിന്‍റെ അത്ഭുതം.  

സെന്‍ട്രല്‍ ഡിസ്‌ട്രിക്‌‌ട്‌സ് ഇന്നിംഗ്‌സിലെ രണ്ടാം വിക്കറ്റായിരുന്നു ഇത്. 11 പന്തില്‍ അത്രതന്നെ റണ്‍സാണ് ജോര്‍ജ് വര്‍ക്കറുടെ സമ്പാദ്യം. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 182 റണ്‍സില്‍ ഒരുങ്ങിയതോടെ സെന്‍ട്രല്‍ ഡിസ്‌ട്രിക്‌‌ട്‌സ് 17 റണ്‍സിന് മത്സരം തോറ്റു. 

ആദ്യം ബാറ്റ് ചെയ്ത ഓക്‌ലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റിനാണ് 199 റണ്‍സെടുത്തത്. 34 വീതം പന്തുകളില്‍ 73 റണ്‍സെടുത്ത ചാപ്‌മാനും 61 റണ്‍സ് നേടിയ റോബര്‍ട്ട് ഡോണലുമാണ് ഓക്‌ലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ 29 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 35 പന്തില്‍ 52 റണ്‍സെടുത്ത നായകന്‍ ടോം ബ്രൂസാണ് സെന്‍ട്രല്‍ ഡിസ്‌ട്രിക്‌‌ട്‌സിന്‍റെ ടോപ് സ്‌കോറര്‍. വില്‍ യങ്(37), ഡഗ് ബ്രേസ്‌വെല്‍(32) എന്നിവരാണ് 30 പിന്നിട്ട മറ്റ് താരങ്ങള്‍. 

ദ്രാവിഡ് എനിക്കയച്ച ഇ-മെയില്‍ വായിക്കണം; ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്ക് പീറ്റേഴ്‌സന്‍റെ ഉപദേശം