മുംബൈ: ക്രിക്കറ്റിന്‍റെ ആനച്ചന്തമുണ്ട് ഓരോ ഇന്ത്യന്‍ തെരുവുകള്‍ക്കും. 'ഗല്ലി ക്രിക്കറ്റ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തെരുവിലെ കളികളാണ് ഇതിഹാസ താരങ്ങളുടെ വളര്‍ച്ചയ്‌ക്ക് വരെ ഭാഗ്യമൈതാനമായത്. നാട്ടിന്‍പുറത്തും നഗരങ്ങളിലും മെച്ചപ്പെട്ടതും ആധുനികവുമായ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടെങ്കിലും ഗല്ലി ക്രിക്കറ്റിന്‍റെ തട്ട് താണുതന്നെ നില്‍ക്കും. 

വീരേന്ദര്‍ സെവാഗ് മുതല്‍ ഗല്ലി ക്രിക്കറ്റിലെ സൂപ്പര്‍ താരനിരയുടെ പട്ടിക നീളുകയാണ്. ഇന്ത്യന്‍ പര്യടനങ്ങള്‍ക്ക് എത്തുമ്പോള്‍ വിദേശ താരങ്ങളും ഗല്ലി ക്രിക്കറ്റ് കളിച്ച് മടങ്ങുന്നു. തെരുവുകളില്‍ ക്രിക്കറ്റ് വസന്തം തീര്‍ന്ന താരനിരയിലേക്ക് ഒരു കൂട്ടിത്താരവും ഗല്ലി ക്രിക്കറ്റ് കളിച്ച് ശ്രദ്ധയാകര്‍ഷിക്കുകയാണ്. എന്നാല്‍ ഈ ബാലന് മാത്രമല്ല, അമ്മയും ഇവിടെ താരമാണ്.

ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്. 'അമ്മ പന്തെറിയുന്നു, കുട്ടി ബാറ്റ് ചെയ്യുന്നു. മനോഹരം എന്നേ ഒറ്റവാക്കില്‍ പറയാനുള്ളൂ. എന്നായിരുന്നു കൈഫിന്‍റെ ട്വീറ്റ്. അമ്മയെയും മകനെയും മാത്രമല്ല, വീഡിയോ പങ്കുവെച്ച കൈഫിനെയും അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍ ഈ വീഡിയോ എവിടെനിന്നാണെന്ന് വ്യക്തമല്ല.