വെള്ളിയാഴ്‌ചയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയുടെ 42-ാം ജന്‍മദിനം

റാഞ്ചി: എല്ലാ കാര്യങ്ങളിലും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ക്രിക്കറ്ററാണ് എം എസ് ധോണി. ഇന്നലെ വെള്ളിയാഴ്‌ച ധോണിയുടെ നാൽപ്പത്തിരണ്ടാം പിറന്നാൾ ആഘോഷവും വേറിട്ടതായിരുന്നു. തന്‍റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമായിരുന്നു ധോണിയുടെ പിറന്നാളാഘോഷം. കേക്ക് മുറിച്ച് വീട്ടിലെ എല്ലാ നായകള്‍ക്കും ധോണി സ്നേഹപൂര്‍വം വിതരണം ചെയ്‌തു. ധോണിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് അച്ചടക്കത്തോടെ അവ 'തല'യുടെ 42-ാം പിറന്നാള്‍മധുരം നുണഞ്ഞു. ഈ ദൃശ്യം ഇന്‍സ്റ്റഗ്രാമില്‍ ധോണി പോസ്റ്റ് ചെയ്‌തതോടെ വൈറലായിരിക്കുകയാണ്. നിരവധി ആരാധകരാണ് ധോണിയെ പ്രശംസിച്ച് കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

വെള്ളിയാഴ്‌ചയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയുടെ 42-ാം ജന്‍മദിനം. 'തല' ആരാധകരെല്ലാം ധോണിയുടെ പിറന്നാള്‍ വലിയ ആഘോഷത്തോടെ കൊണ്ടാടി. രാജ്യത്തിന്‍റെ പല ഭാഗത്തും കേക്ക് മുറിച്ചും, പടക്കം പൊട്ടിച്ചും, ഭീമാകാരന്‍ കട്ടൗട്ടുകള്‍ ഉയര്‍ത്തിയുമാണ് ആരാധകര്‍ ധോണിയുടെ പിറന്നാളാഘോഷിച്ചത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞാല്‍ ധോണിയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരാധകരുടെ കണ്ണിലുണ്ണി എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ കാഴ്‌ചകള്‍. പരിക്കിനെയും പ്രായത്തെയും അവഗണിച്ച് ധോണി ഐപിഎല്‍ 2023 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കിരീടത്തിലേക്ക് നയിച്ചത് ശ്രദ്ധേയമായിരുന്നു. ഐപിഎല്‍ 2024ലും സിഎസ്‌കെയെ നയിക്കാന്‍ തലയുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഐസിസിയുടെ മൂന്ന് സുപ്രധാന കിരീടങ്ങളുമുള്ള ഏക നായകനാണ് ധോണി. 

View post on Instagram

ടീം ഇന്ത്യക്കായി 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 രാജ്യാന്തര ടി20കളുമാണ് എം എസ് ധോണി കളിച്ചത്. ടെസ്റ്റില്‍ ആറ് സെഞ്ചുറികളോടെ 38.09 ശരാശരിയില്‍ 4876 റണ്‍സും ഏകദിനത്തില്‍ 10 ശതകങ്ങളോടെ 50.58 ശരാശരിയില്‍ 10773 റണ്‍സും ടി20യില്‍ 37.6 ശരാശരിയില്‍ 1617 റണ്‍സും നേടി. ഐപിഎല്ലില്‍ 250 കളിയില്‍ 5082 റണ്‍സും ധോണിക്ക് സ്വന്തം. 2007ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ടീം ഇന്ത്യക്ക് സമ്മാനിച്ച ധോണി ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന് അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ചു. ധോണി ഇന്ത്യന്‍ ടീമിനെ പരിമിത ഓവർ ക്രിക്കറ്റില്‍ 2007 മുതല്‍ 2017 വരെയും ടെസ്റ്റില്‍ 2008 മുതല്‍ 2014 വരെയും നയിച്ചു.

Read more: 'ധോണി അത്ര കൂളല്ല, മോശം പദപ്രയോഗങ്ങളും ചൂടാവലും കേട്ടിട്ടുണ്ട്'; വെളിപ്പെടുത്തി ഇഷാന്ത് ശർമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News