ഹാര്‍ദിക് പാണ്ഡ്യ മുംബൈക്കായി 20-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ സിഎസ്‌കെ 180-3 എന്ന നിലയിലായിരുന്നു

മുംബൈ: അയാള്‍ക്ക് പ്രായമായി എന്ന് പരിഹസിച്ചവരുണ്ട്, ഇത് അവസാന ഐപിഎല്‍ സീസണായിരിക്കും എന്ന് വര്‍ഷങ്ങള്‍ മുമ്പേ പ്രവചിച്ചവരുണ്ട്. അവര്‍ എല്ലാവര്‍ക്കും ബാറ്റ് കൊണ്ട് മറുപടി നല്‍കി 42-ാം വയസിലും തിമിര്‍ത്താടുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ തല എം എസ് ധോണി. മുംബൈ ഇന്ത്യന്‍സിന്‍റെ നായകനും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ മൈതാനത്തിന്‍റെ വെവ്വേറെ ദിക്കുകളിലേക്ക് പറത്തി മഹി 20-ാം ഓവറില്‍ ഹാട്രിക് സിക്‌സ് തികയ്ക്കുന്ന കാഴ്‌ച ഐപിഎല്‍ പ്രേമികളെ കുളിരുകോരിച്ചു എന്നുപറയാം. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഇന്നിംഗ്‌സില്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈക്കായി 20-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ സിഎസ്‌കെ 180-3 എന്ന നിലയിലായിരുന്നു. രണ്ടാം ബോളില്‍ ഡാരില്‍ മിച്ചൽ പുറത്തായപ്പോള്‍ ആരാധകരുടെ ഹര്‍ഷാരവങ്ങളോടെ എം എസ് ധോണി ക്രീസിലേക്ക് ഇറങ്ങി. ധോണി നേരിട്ട ആദ്യ പന്ത് ലോംഗ്‌ഓഫിന് വളരെ മുകളിലൂടെ ഗ്യാലറിയിലാണ് വീണത്. അടുത്ത ബോള്‍ ലോംഗ്‌ഓണിനും ഡീപ് മിഡ് വിക്കറ്റിനും ഇടയിലൂടെ പാഞ്ഞു. പാണ്ഡ്യയുടെ അടുത്ത പന്താവട്ടെ ഫുള്‍ടോസ് ആയപ്പോള്‍ ഡീപ് മിഡ് വിക്കറ്റിന്‍റെ ഉയരങ്ങളിലൂടെ 360 ഡിഗ്രി ശൈലിയിലാണ് കുതിച്ചത്. ഇതോടെ ചെന്നൈ 200 തികയ്ക്കുകയും ചെയ്തു. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടി ധോണി സ്കോര്‍ 206-4ലെത്തിച്ചു. 

Scroll to load tweet…

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ 207 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയലക്ഷ്യമാണ് വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ വച്ചുനീട്ടിയിരിക്കുന്നത്. എം എസ് ധോണി 4 പന്തില്‍ 20* ഉം, ശിവം ദുബെ 38 പന്തില്‍ 66* ഉം റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ഇന്നിംഗ്‌സും (40 പന്തില്‍ 69) ചെന്നൈക്ക് നിര്‍ണായകമായി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ദുബെയും റുതുവും 90 റണ്‍സ് ചേര്‍ത്തു. 

Read more: 6, 6, 6! ധോണി ഫിനിഷിംഗ്; റുതുരാജ്- ദുബെ സിക്‌സര്‍ ആവേശത്തില്‍ സിഎസ്‌കെയ്ക്ക് 206 റണ്‍സ്, മുംബൈ വിയര്‍ക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം