ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്‍മാരിലൊരാളായിരുന്നു മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശർമ്മ
മുംബൈ: ഐപിഎല്‍ ടീംമുംബൈ ഇന്ത്യന്‍സിന് 'ഫോർ-എവർ ക്യാപ്റ്റന്‍' രോഹിത് ശർമ്മയായിരിക്കും. ഇന്ത്യന്‍ പ്രീമിയർ ലീഗിലെ അഞ്ചടക്കം ആകെ ആറ് കിരീടങ്ങള്‍ ടീമിന് സമ്മാനിച്ച നായകന്‍. 2013ല്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഐപിഎല്ലില്‍ അഞ്ചും ചാമ്പ്യന്‍സ് ലീഗ് ടി20യില്‍ ഒരു കിരീടവും രോഹിത് മുംബൈയുടെ നീലപ്പടയ്ക്ക് സമ്മാനിച്ചു. ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഇതിഹാസ നായകന് അതുകൊണ്ടുതന്നെ വികാരനിർഭരമായ നന്ദിപറച്ചിലാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ഭാഗത്തുനിന്നുണ്ടായത്.
'ക്യാപ്റ്റന്‍ പാണ്ഡ്യ, പുതിയ തുടക്കം, ആശംസകള്‍' എന്ന കുറിപ്പോടെ മുംബൈ ഇന്ത്യന്‍സിന്‍റെ ട്വീറ്റ് വന്നതും ആരാധകർ നടുങ്ങി. പ്രായം 36 എങ്കിലും ഈ സീസണിലും രോഹിത് ശർമ്മയെ ക്യാപ്റ്റന്‍റെ തൊപ്പിയില്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു മുംബൈ ഇന്ത്യന്‍സ് ആരാധകർ. തൊട്ടുപിന്നാലെ രോഹിത്തിന് നന്ദി പറഞ്ഞുകൊണ്ട് മുംബൈ ഇന്ത്യന്‍സിന്‍റെ വീഡിയോ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
'രോ, 2013ല്‍ താങ്കള്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തു. ഞങ്ങളില്‍ വിശ്വസിക്കാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടു. വിജയിച്ചാലും തോറ്റാലും പുഞ്ചിരിക്കാന്‍ പറഞ്ഞു. 10 വർഷങ്ങളില്‍ ആറ് കിരീടങ്ങള്‍ സമ്മാനിച്ചു. ഞങ്ങളുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റാ...മുംബൈ ഇന്ത്യന്‍സിന്‍റെ നീല, സ്വർണ ജേഴ്സില്‍ നിങ്ങളുടെ ലെഗസി എഴുതിച്ചേർക്കപ്പെടും. നന്ദി, ക്യാപ്റ്റന്‍ രോ' എന്ന കുറിപ്പോടെയായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ ട്വീറ്റ്. രോഹിത് ശർമ്മ മൈതാനത്തേക്ക് നടന്നുവരുന്നതും, ഡ്രസിംഗ് റൂമിലും മൈതാനത്തും സഹതാരങ്ങളെ പ്രചോദിപ്പിക്കുന്നതും, കപ്പുയർത്തി വിജയാരവം മുഴക്കുന്നതും തോല്‍വിയിലും പുഞ്ചിരിക്കാന്‍ താരങ്ങളോട് ആവശ്യപ്പെടുന്നതും രോഹിത്തിന് സമർപ്പിച്ചുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ ഈ വീഡിയോയിലുണ്ടായിരുന്നു. അഞ്ച് ഐപിഎല്‍ കിരീടങ്ങളുമായി രോഹിത് ശർമ്മ മൈതാനത്തിരിക്കുന്ന ചിത്രവും മുംബൈ ഇന്ത്യന്‍സ് തൊട്ടുപിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്‍മാരിലൊരാളായിരുന്നു മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശർമ്മ. 2013ലാണ് രോഹിത് ശർമ്മ മുംബൈ ഇന്ത്യന്‍സിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായുള്ള 2013ലെ ആദ്യ സീസണില്‍ തന്നെ കിരീടമുയർത്തി. പിന്നീട് 2015, 2017, 2019, 2020 സീസണിലും രോഹിത്തിന്‍റെ നായകത്വത്തില്‍ മുംബൈ ഐപിഎല്‍ കിരീടങ്ങള്‍ തൂത്തുവാരി. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത് പേരിലാക്കി. ഇത് കൂടാതെ 2013ല്‍ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടവും മുംബൈ ഇന്ത്യന്‍സിന് രോഹിത് ശർമ്മ സമ്മാനിച്ചു.
Read more: രോഹിത് ശർമ്മ യുഗാന്ത്യം; ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍, സർപ്രൈസ് പ്രഖ്യാപനം
