Asianet News MalayalamAsianet News Malayalam

ഐസിസി സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം നേപ്പാള്‍ താരത്തിന്, ഒരിക്കലും മറക്കാനാവില്ല ആ നിമിഷം- വീഡിയോ

ക്രിക്കറ്റിന്‍റെ മഹത്വമുയര്‍ത്തിയ നിമിഷത്തിന് നേപ്പാള്‍ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്‌ഖിന് ഐസിസിയുടെ ആദരം 

Watch Nepal wicketkeeper Aasif Sheikh named the recipient of the ICC Spirit of Cricket Award 2022
Author
First Published Jan 26, 2023, 5:45 PM IST

ദുബായ്: ക്രിക്കറ്റിലെ ഒരു വര്‍ഷത്തെ ഏറ്റവും മാതൃകാപരമായ നിമിഷത്തിന് താരത്തിനോ ടീമിനോ ഐസിസി നല്‍കാറുള്ള പുരസ്‌കാരമാണ് ഐസിസി സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ്. ക്രിക്കറ്റിന്‍റെ മഹത്വം ഉയര്‍ത്തിയ പല അപൂര്‍വ നിമിഷങ്ങളും ഇത്തരത്തില്‍ ആദരിക്കപ്പെട്ടിട്ടുണ്ട്. നേപ്പാള്‍ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്‌ഖാണ് കഴിഞ്ഞ വര്‍ഷത്തെ(2022) ഐസിസി സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് കരസ്ഥമാക്കിയത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ നേപ്പാള്‍ താരമാണ് ആസിഫ് ഷെയ്‌ഖ്. 

ഒമാനില്‍ 2022 ഫെബ്രുവരി 14ന് നടന്ന അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഐറിഷ് താരം ആന്‍ഡി മക്‌ബ്രൈനെ ഓട്ടം തടസപ്പെട്ടതിനാല്‍ റണ്ണൗട്ടാക്കേണ്ടാ എന്ന് തീരുമാനിച്ചതിനാണ് ആസിഫ് ഷെയ്‌ഖ് പുരസ്‌കാരത്തിന് അര്‍ഹനായത്. അയര്‍ലന്‍ഡ് ഇന്നിംഗ്‌സിലെ 19-ാം ഓവറിലായിരുന്നു ക്രിക്കറ്റ് ലോകത്തിന്‍റെ മനംകീഴടക്കിയ ഈ സംഭവം. നേപ്പാള്‍ പേസര്‍ കമാല്‍ സിംഗായിരുന്നു പന്ത് എറിഞ്ഞിരുന്നത്. മൂന്നാം പന്തില്‍ ബിഗ് ഹിറ്റിന് സ്‌ട്രൈക്കര്‍ മാര്‍ക് അഡൈര്‍ ശ്രമിച്ചെങ്കിലും ഉന്നംതെറ്റി പന്ത് ഷോര്‍ട് ലെഗിലേ എത്തിയുള്ളു. ഇതോടെ ആന്‍ഡി മക്‌ബ്രൈനും മാര്‍ക് അഡൈറും സിംഗിളിന് ശ്രമിച്ചു. എന്നാല്‍ റണ്ണിനായുള്ള ഓട്ടത്തിനിടെ മക്‌ബ്രൈനെ അബദ്ധത്തില്‍ നേപ്പാള്‍ ബൗളര്‍ കമാല്‍ തട്ടിവീഴ്‌ത്തി. ഈസമയം പിച്ചിന് മധ്യഭാഗത്ത് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ മക്‌ബ്രൈന്‍. എങ്കിലും റണ്ണൗട്ടാക്കാനായി കമാല്‍ പന്ത് വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്‌ഖിന് വേഗത്തില്‍ എറിഞ്ഞുകൊടുത്തു.

പക്ഷേ മക്‌ബ്രൈനെ സ്റ്റംപ്‌ ചെയ്യാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും വേണ്ടെന്ന് വെക്കുകയായിരുന്നു ആസിഫ് ഷെയ്‌ഖ്. ഈ ദൃശ്യങ്ങള്‍ അന്ന് ഐസിസി സാമൂഹ്യമാധ്യമങ്ങളിലുടെ പങ്കുവെച്ചിരുന്നു. മക്‌ബ്രൈന്‍റെ ബെയ്‌ല്‍സ് തെറിപ്പിക്കണ്ടാ എന്നുള്ള ആസിഫിന്‍റെ തീരുമാനം ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി വാങ്ങി. ഈ സുവര്‍ണ നിമിഷത്തിനാണ് ആസിഫ് ഷെയ്‌ഖിനെ തേടി ഐസിസിയുടെ പുരസ്‌കാരമെത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത അയര്‍ലന്‍ഡ് 127 റണ്‍സില്‍ അവസാനിപ്പിച്ചപ്പോള്‍ നേപ്പാളിന്‍റെ പോരാട്ടം 17 റണ്‍സ് അകലം തീര്‍ന്നു. നേപ്പാള്‍ 111ല്‍ ഔള്‍ഔട്ടാവുകയായിരുന്നു. 

ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പര; റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനെ പ്രഖ്യാപിച്ചേക്കില്ല, കാരണമിത്

Follow Us:
Download App:
  • android
  • ios