'കോലി വന്നാല്‍ പിന്നെയൊന്നും കാണൂല്ല സാറേ', കിംഗിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് പൊലീസുകാർ
ബെംഗളൂരു: സമകാലിക ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാന്‍ഡ് വിരാട് കോലിയാണ്. കോലി എവിടെയെത്തിയാലും കാണാനായി ആരാധകർ നിറയുന്നത് പതിവാണ്. മൈതാനത്തും പുറത്തും കോലി ഒരുപോലെ ആരാധകർക്ക് പ്രിയങ്കരന്‍. യുവ ക്രിക്കറ്റർമാർക്ക് റോള്‍ മോഡല്‍ കൂടിയാണ് ഇന്ത്യന്‍ റണ്‍ മെഷീന്‍. ഏഷ്യാ കപ്പിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയപ്പോള്‍ കോലിയെ ആരാധകർ പൊതിഞ്ഞതിന്‍റെ വീഡിയോ ഇപ്പോള്‍ ശ്രദ്ധയാകർഷിക്കുകയാണ്. വെറും ആരാധകർ മാത്രമല്ല, പരിപാടിക്ക് സുരക്ഷ ഒരുക്കാനെത്തിയ പൊലീസുകാർ വരെ ഇന്ത്യന്‍ ബാറ്റിംഗ് ഹീറോയ്ക്കൊപ്പം ചിത്രങ്ങളെടുത്തു.
ഏഷ്യാ കപ്പിന് മുന്നോടിയായുള്ള ടീം ക്യാംപിനായി ബെംഗളൂരുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുള്ളത്. ക്യാംപിനായി നഗരത്തില്‍ എത്തിയതായിരുന്നു വിരാട് കോലിയും. നഗരത്തിലെ ഒരു കോളേജില്‍ നടന്ന പരിപാടിയില്‍ കിംഗ് കോലി പങ്കെടുക്കുകയും ചെയ്തു. ഇവിടെ വച്ചാണ് കോലിക്കൊപ്പം പൊലീസുകാർ ചിത്രമെടുത്തത്. ആരാധകരെ നിയന്ത്രിക്കാന്‍ പാടുപെട്ടതിന് ഇടയിലാണ് കോലിക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ പൊലീസുകാർ സമയം കണ്ടെത്തിയത് എന്ന് പരിപാടിയുടെ നിരവധി വീഡിയോകള്‍ വ്യക്തമാക്കുന്നു.
ബെംഗളൂരുവിലെത്തിയ വിരാട് കോലി ഏഷ്യാ കപ്പിന് മുമ്പ് ഫിറ്റ്നസ് തെളിയിച്ചു. യോയോ ടെസ്റ്റില്‍ 17.2 സ്കോർ കോലി നേടി. 16.5 ആണ് ഫിറ്റ്നസ് തെളിയിക്കാന്‍ താരങ്ങള്‍ കണ്ടെത്തേണ്ട കുറഞ്ഞ സ്കോർ. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഫിറ്റനസുള്ള താരമായ കോലിക്ക് ഈ കടമ്പ മറികടക്കല്‍ വലിയ പ്രയാസമായില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും കൂടി യോയോ ടെസ്റ്റ് വിജയിച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങളും യോയോ ടെസ്റ്റിന് ഇറങ്ങും. ഏഷ്യാ കപ്പിനും ഏകദിന ക്രിക്കറ്റ് ലോകകപ്പിനുമായി താരങ്ങളെ പരിക്കില്ലാതെ നിലനിർത്താന്‍ വലിയ ജാഗ്രതയാണ് ബിസിസിഐ മെഡിക്കല്‍ സംഘം പുലർത്തുന്നത്.
