തോല്‍വി ഒരുഘട്ടത്തില്‍ ഉറപ്പിച്ച പഞ്ചാബ് കിംഗ്സിന് ത്രില്ലർ ജയം ഒരുക്കുകയായിരുന്നു വെടിക്കെട്ട് ബാറ്റിംഗിലൂടെ ശശാങ്ക് സിംഗ്

അഹമ്മദാബാദ്: കഴിഞ്ഞ വർഷം ഡിസംബറില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ ശശാങ്ക് സിംഗ് എന്ന ബാറ്റർ അപമാനിക്കപ്പെട്ടത് ആരും മറന്നുകാണില്ല. ലേലത്തില്‍ ആള് മാറി വിളിച്ചു എന്ന് മനസിലായതോടെ ശശാങ്കിന്‍റെ ഓക്ഷന്‍ റദ്ദാക്കാന്‍ പഞ്ചാബ് കിംഗ്സ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലേലം അസാധുവാക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ശശാങ്ക് സിംഗ് ടീമില്‍ എത്തി. തന്നെ അന്ന് തള്ളിപ്പറഞ്ഞ അതേ പഞ്ചാബ് കിംഗ്സ് ടീമുടമകളെ കൊണ്ട് ശശാങ്ക് കയ്യടിപ്പിക്കുന്ന മധുരപ്രതികാര കാഴ്ചയാണ് ഇന്നലെ ഐപിഎല്ലില്‍ കണ്ടത്.

ഐപിഎല്‍ 2024ലെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോല്‍വി ഒരുഘട്ടത്തില്‍ ഉറപ്പിച്ച പഞ്ചാബ് കിംഗ്സിന് ത്രില്ലർ ജയം ഒരുക്കുകയായിരുന്നു വെടിക്കെട്ട് ബാറ്റിംഗിലൂടെ ശശാങ്ക് സിംഗ്. 200 റൺസ് വിജയലക്ഷ്യം പിന്തുടരവെ 111 റൺസെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ വീണ് പഞ്ചാബ് പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ആറാമനായി ക്രീസിലെത്തി 29 പന്തിൽ പുറത്താകാതെ 61* റൺസുമായി ശശാങ്ക് സിംഗ് മൂന്ന് വിക്കറ്റിന്‍റെ ജയം പഞ്ചാബിന് സമ്മാനിച്ചു. ഇംപാക്ട് പ്ലെയർ അശുദോഷ് ശർമ്മയുടെ വെടിക്കെട്ടും (17 പന്തില്‍ 31) പഞ്ചാബ് കിംഗ്സിന്‍റെ ജയത്തില്‍ നിർണായകമായി. ഇന്നിംഗ്സ് അവസാനിക്കാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ മത്സരം ശശാങ്ക് ഫിനിഷ് ചെയ്തപ്പോള്‍ പഞ്ചാബ് കിംഗ്സ് സഹ ഉടമ പ്രീതി സിന്‍റ ആഘോഷത്തിമിർപ്പിലായിരുന്നു. ഒരിക്കല്‍ തന്നെ തള്ളിപ്പറഞ്ഞ അതേ ടീം ഉടമകളെ കൊണ്ട് കയ്യടിപ്പിക്കുകയായിരുന്നു മുപ്പത്തിരണ്ട് വയസുകാരനായ ശശാങ്ക് സിംഗ്. 

Scroll to load tweet…

കഴിഞ്ഞ വർഷം ഡിസംബറിലെ താര ലേലത്തില്‍ ശശാങ്ക് സിംഗിനെ പഞ്ചാബ് കിംഗ്സ് വിളിച്ചെടുത്ത ദൃശ്യങ്ങള്‍ വൈറലായിരുന്നു. ശശാങ്ക് സിംഗിനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയതായി പ്രഖ്യാപനം വന്ന ശേഷം തങ്ങൾ ഉദേശിച്ച താരം ഇതല്ലെന്നും ശശാങ്കിനെ തിരിച്ചെടുക്കണമെന്നും പഞ്ചാബ് ഉടമകൾ ആവശ്യപ്പെടുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. എന്നാല്‍ ലേലം ഉറപ്പിച്ചു കഴിഞ്ഞതിനാൽ ഇനി ഒന്നും ചെയ്യാനാകില്ലെന്ന അറിയിപ്പ് വന്നപ്പോൾ മനസില്ലാ മനസോടെ തീരുമാനം പ്രീതി സിന്‍റ അംഗീകരിക്കുകയായിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ പരിഹാസം ഉയർന്നപ്പോൾ ഇതേ ശശാങ്കിനെ തന്നെയാണ്‌ പരിശീലകർ ഉദ്ദേശിച്ചതെന്ന പോസ്റ്റിലൂടെ മുഖം രക്ഷിക്കാൻ ശ്രമിച്ച പഞ്ചാബ് കൂടുതല്‍ പുലിവാല്‍ പിടിച്ചു. 'വിശ്വസിച്ചതിനു നന്ദി' എന്ന ശശാങ്കിന്‍റെ മറുപടിയും ചർച്ചയായിരുന്നു. 

Read more: ശശാങ്ക് സിംഗ്! ലേലത്തിൽ പഞ്ചാബ് കിംഗ്‍സ് ആളുമാറി വിളിച്ച് അന്ന് അപമാനിക്കപ്പെട്ടവന്‍; ഇത് മധുരപ്രതികാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം