ഇന്‍ഡോര്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം ആദ്യ ഓവര്‍ ഹാട്രിക്കോടെ അവിസ്‌മരണീയമാക്കി പേസര്‍ രവി യാദവ്. രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശ്- മധ്യപ്രദേശ് മത്സരത്തിലാണ് രവി ഹാട്രിക് വേട്ട നടത്തിയത്. ആദ്യ വിക്കറ്റ് ക്യാച്ചിലൂടെയായിരുന്നെങ്കില്‍ അടുത്ത രണ്ടും സ്റ്റംപ് പിഴുതെറിഞ്ഞായിരുന്നു. 

ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ആദ്യ ഓവറില്‍ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി ഇതോടെ രവി യാദവ്. ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ സ്വന്തം നാടായ ഉത്തര്‍പ്രദേശിനെതിരെയാണ് മധ്യപ്രദേശിനായി കളിക്കുന്ന റെക്കോര്‍ഡിട്ടത്. ആര്യന്‍ ജൂയല്‍, അങ്കിത് രജ്‌പൂത്, സമീര്‍ റിസ‌്‌വി എന്നിവരാണ് രവിക്ക് മുന്നില്‍ മടങ്ങിയത്. രവി വിസ്‌മയ ഹാട്രിക് തികയ്‌ക്കുന്ന വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

രവി തന്‍റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ജൂയലിനെ വിക്കറ്റ് കീപ്പര്‍ അയജ് റൊരേഹയുടെ കൈകളിലെത്തിച്ചു. 13 റണ്‍സാണ് ജൂയല്‍ നേടിയത്. അടുത്ത രണ്ട് പന്തുകളില്‍ അങ്കിത് രജ്‌പൂതും സമീര്‍ റിസ‌്‌വിയും ലൈന്‍ തിരിച്ചറിയാനാവാതെ വിക്കറ്റ് വലിച്ചെറിഞ്ഞു. ഇന്നിംഗ്‌സിലാകെ അഞ്ച് വിക്കറ്റ് വീഴ്‌ത്താനും രവിക്കായി. 60 റണ്‍സ് വിട്ടുകൊടുത്താണ് 28കാരനായ താരം ഫസ്റ്റ് ക്ലാസ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.