ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ വ്യത്യസ്ത ബൗളിംഗ് ആക്ഷനുമായി ഇന്ത്യന്‍ ടെസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ശ്രദ്ധ നേടിയിരുന്നു. വീണ്ടും തന്‍റെ വേറിട്ട ആക്ഷന്‍ പുറത്തെടുത്തിരിക്കുകയാണ് അശ്വിന്‍. ഇത്തവണ വിക്കറ്റും നേടാനായി എന്നതാണ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. 

മധുരൈ പാന്തേര്‍സിന് എതിരെ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നായകന്‍ അവസാന ഓവറിലാണ് വിക്കറ്റ് നേടിയത്. 32 റണ്‍സ് പ്രതിരോധിക്കാന്‍ പന്തെടുത്ത ഇന്ത്യന്‍ താരം കൈയുടെ മാന്ത്രികത കൊണ്ട് ബാറ്റ്‌സ്‌മാനെ കബളിപ്പിക്കുകയായിരുന്നു. വേറിട്ട ആക്ഷനില്‍ പന്തെറിഞ്ഞ അശ്വിനെ സിക്‌സറിന് ശ്രമിച്ച താരം ബൗണ്ടറിയില്‍ ഫീല്‍ഡറുടെ കൈകളില്‍ ഒതുങ്ങി. അശ്വിന്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്തപ്പോള്‍ മത്സരം 30 റണ്‍സിന് ഡ്രാഗണ്‍സ് വിജയിച്ചു. 

ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരായ മത്സരത്തിലാണ് അശ്വിന്‍ ഈ ആക്ഷന്‍ നേരത്തെ അവതരിപ്പിച്ചത്. മത്സരത്തിന്റെ അവസാന ഓവറില്‍ സൂപ്പര്‍ ഗില്ലീസിന് 21 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ താരം പന്തെറിയാനെത്തി. അഞ്ചാം പന്ത് സാധാരണയിലും അധികം ഫ്ലൈറ്റ് ചെയ്താണ് അശ്വിന്‍ എറിഞ്ഞത്. എന്നാല്‍ പരീക്ഷണം പിഴച്ചു, പന്ത് വൈഡായി. പക്ഷേ ആ തെറ്റ് അടുത്ത മത്സരത്തില്‍ വിക്കറ്റ് നേടി അശ്വിന്‍ തിരുത്തി.