മുഴുനീള ഡൈവിംഗ് നടത്തിയിട്ടും സിറാജിന്‍റെ പരിശ്രമത്തെ അനുമോദിക്കാതിരുന്ന ജഡേജ പകരം ചൂടാവുകയായിരുന്നു

ചെന്നൈ: ചെന്നൈയില്‍ ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ഏകദിനത്തിനിടെ ക്യാച്ച് കൈവിട്ടതിന് മുഹമ്മദ് സിറാജിനോട് അസ്വാരസ്യം പ്രകടിപ്പിച്ച് ഇന്ത്യയുടെ സ്‌പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഓസീസ് ഇന്നിംഗ്‌സിലെ 20-ാം ഓവറിലെ അവസാന പന്തില്‍ ഡേവിഡ് വാര്‍ണര്‍ ഉയര്‍ത്തിയടിച്ച പന്തില്‍ ക്യാച്ചിനായി സിറാജ് പറന്നെങ്കിലും പന്ത് കൈവിരലില്‍ തട്ടി പാഴായി. എന്നാല്‍ മുഴുനീള ഡൈവിംഗ് നടത്തിയിട്ടും സിറാജിന്‍റെ പരിശ്രമത്തെ അനുമോദിക്കാതിരുന്ന ജഡേജ പകരം ചൂടാവുകയായിരുന്നു. ഈ സമയം 14 റണ്‍സിലായിരുന്ന വാര്‍ണര്‍ പിന്നാലെ 26 റണ്‍സുമായി മടങ്ങുകയും ചെയ്തു. 

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 41 ഓവറില്‍ ഏഴ് വിക്കറ്റിന് 213 റണ്‍സെന്ന നിലയിലാണ്. 10 പന്തില്‍ ഏഴ് റണ്‍സുമായി ഷോണ്‍ അബോട്ടും 8 പന്തില്‍ മൂന്ന് റണ്ണെടുത്ത് ആഷ്‌ടണ്‍ അഗറുമാണ് ക്രീസില്‍. 31 പന്തില്‍ 33 റണ്‍സുമായി ട്രാവിസ് ഹെഡും 47 പന്തില്‍ 47 റണ്‍സെടുത്ത് മിച്ചല്‍ മാര്‍ഷും ഓസീസിന് മികച്ച തുടക്കം നല്‍കിയെങ്കിലും ഇരുവരേയും പിന്നാലെ നായകന്‍ സ്റ്റീവ് സ്‌മിത്തിനേയും(0) മടക്കി ഹാര്‍ദിക് പാണ്ഡ്യ ഓസീസിനെ പ്രതിരോധത്തിലാക്കുകയായിരുന്നു.

Scroll to load tweet…

ഇതിന് ശേഷം മധ്യനിരയെ കറങ്ങും പന്ത് കൊണ്ട് കുല്‍ദീപ് യാദവ് എറിഞ്ഞൊതുക്കി. ഇതോടെ ഡേവിഡ് വാര്‍ണര്‍ 23നും മാര്‍നസ് ലബുഷെയ്‌ന്‍ 28നും അലക്‌സ് ക്യാരി 38നും മാര്‍ക്കസ് സ്റ്റോയിനിസ് 25 റണ്‍സിനും പുറത്തായി. സ്റ്റോയിനിസിന്‍റെ ഒഴികെയുള്ള മൂന്ന് വിക്കറ്റുകളും കുല്‍ദീപിനായിരുന്നു. സ്റ്റോയിനിനെ അക്‌സറാണ് പുറത്താക്കിയത്. ചെന്നൈ ഏകദിനത്തില്‍ ഇന്ന് വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. മുംബൈയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോള്‍ വിശാഖപട്ടത്ത് 10 വിക്കറ്റ് ജയവുമായി ഓസീസ് ശക്തമായി തിരിച്ചെത്തിയിരുന്നു.

ഏകദിന റാങ്കിംഗ്: ഒന്നാം സ്ഥാനം നഷ്‌‌ടമായി മുഹമ്മദ് സിറാജ്, തലപ്പത്ത് പുതിയ താരം