2022 ഡിസംബർ അവസാനം സംഭവിച്ച ഗുരുതരമായ കാറപകടത്തിന്‍റെ ഞെട്ടല്‍ അതിവേഗം മറികടക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റർ റിഷഭ് പന്ത്
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിനെ കണ്ണീരണിയിച്ച കാർ അപകടത്തിന് ശേഷം വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് അതിവേഗം ഫിറ്റ്നസിലേക്ക് തിരിച്ചുവരുന്നു. കാല്‍മുട്ടിലെ ശസ്ത്രക്രിയകള്‍ക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലുള്ള താരം അനായാസം സിക്സ് പറത്തുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. പരിശീലന മത്സരത്തില്‍ റിഷഭ് ബാറ്റ് ചെയ്യുന്ന വീഡിയോയാണ് ഇതെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
2022 ഡിസംബർ അവസാനം സംഭവിച്ച ഗുരുതരമായ കാറപകടത്തിന്‍റെ ഞെട്ടല്‍ പരിശീലനത്തിലൂടെ അതിവേഗം മറികടക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റർ റിഷഭ് പന്ത്. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ബിസിസിഐ രൂപകല്‍പന ചെയ്ത പ്രത്യേക പരിശീലനം നടത്തിവരികയാണ് വിക്കറ്റ് കീപ്പർ. നേരത്തെ തന്നെ നടക്കാനാരംഭിച്ച റിഷഭ് സ്ട്രെങ്ത്, ഫ്ലെക്സിബിളിറ്റി, റണ്ണിംഗ് പരിശീലനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിനൊപ്പം നെറ്റ്സില്‍ പരിശീലനവും തുടങ്ങിയിരുന്നു താരം. റിഷഭ് പന്ത് നെറ്റ്സില്‍ ബാറ്റിംഗ്, വിക്കറ്റ് കീപ്പിംഗ് പരിശീലനം ആരംഭിച്ചതായി ബിസിസിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന വീഡിയോ റിഷഭിന്‍റെ ഫിറ്റ്നസ് അടുത്ത തലത്തിലേക്ക് എത്തി എന്ന് സൂചിപ്പിക്കുന്നതാണ്. പരിശീലന മത്സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയ താരം അനായാസം സിക്സർ പറത്തുകയും ബൗണ്ടറികള്‍ നേടുകയും ചെയ്തു. നടക്കാന്‍ ചെറിയ പ്രയാസം ഇപ്പോഴും നേരിടുന്നതിനിടെയാണ് റിഷഭിന്‍റെ ഈ തകർപ്പന്‍ ബാറ്റിംഗ്. ഏറെ കയ്യടികളോടെയാണ് സഹതാരങ്ങളും ആരാധകരും റിഷഭിനെ മൈതാനത്തേക്ക് ആനയിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ മുതല്‍ റിഷഭ് പന്തിനെ ഇന്ത്യന്‍ ടീം ഏറെ മിസ് ചെയ്യുന്നു. കാർ അപകടത്തിലേറ്റ ഗുരുതര പരിക്കിന് കാല്‍മുട്ടില്‍ മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ ശേഷമാണ് റിഷഭ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെത്തിയത്. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പ് ആവുമ്പോഴേക്ക് പന്ത് പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സാധ്യതയില്ല. 2024 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് റിഷഭ് പന്തിന്‍റെ മടങ്ങിവരവിനായി ബിസിസിഐയുടെ മനസിലുള്ളത്.
