ആദ്യ പന്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരിയെ കുല്‍ദീപ് സുന്ദരമായ പന്തില്‍ ബൗള്‍ഡാക്കിയിരുന്നു

ചെന്നൈ: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഡിആര്‍എസിനെ ചൊല്ലി സ്‌പിന്നര്‍ കുല്‍ദീപ് യാദവും നായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ നാടകീയ കലഹം. ഓസ്ട്രേലിയന്‍ ഇന്നിംഗ്‌സിലെ 39-ാം ഓവറിലെ അവസാന പന്തില്‍ കുല്‍ദീപിന്‍റെ ഗൂഗ്ലി ആഷ്‌ടണ്‍ അഗറിന്‍റെ പാഡില്‍ പതിക്കുകയായിരുന്നു. ഡിആര്‍എസ് എടുക്കാന്‍ നായകന്‍ രോഹിത് ശ‍ര്‍മ്മ താല്‍പര്യം ആദ്യം കാണിച്ചില്ലെങ്കിലും കുല്‍ദീപിന്‍റെ സമ്മര്‍ദത്തിന് വഴങ്ങി റിവ്യൂ നല്‍കുകയായിരുന്നു. എന്നാല്‍ റിവ്യൂ പാഴായി. ഇതിനിടെ കുല്‍ദീപിനോട് ചൂടാവുകയായിരുന്നു നായകന്‍ രോഹിത് ശര്‍മ്മ. രോഹിത് എന്താണ് പറഞ്ഞത് എന്ന് വ്യക്തമല്ല.

ഇതേ ഓവറിലെ ആദ്യ പന്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരിയെ കുല്‍ദീപ് സുന്ദരമായ പന്തില്‍ ബൗള്‍ഡാക്കിയിരുന്നു. ക്യാരിക്ക് 46 പന്തില്‍ 38 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. ക്യാരിയുടേത് അടക്കം മൂന്ന് വിക്കറ്റുകള്‍ മത്സരത്തില്‍ കുല്‍ദീപ് സ്വന്തമാക്കി. ഈ ആത്മവിശ്വാസത്തില്‍ കൂടിയായിരുന്നു അഗറിനെതിരെ ഡിആര്‍എസ് എടുക്കാന്‍ രോഹിത്തിനെ കുല്‍ദീപ് നിര്‍ബന്ധിപ്പിച്ചത്. 

Scroll to load tweet…

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറില്‍ 269 റണ്‍സില്‍ എല്ലാവരും പുറത്തായി. 31 പന്തില്‍ 33 റണ്ണുമായി ട്രാവിസ് ഹെഡും 47 പന്തില്‍ 47 റണ്‍സുമായി മിച്ചല്‍ മാര്‍ഷും നല്‍കിയ തുടക്കം മുതലാക്കാന്‍ ഓസീസിനായില്ല. ഹെഡിനെയും മാര്‍ഷിനെയും പുറത്താക്കിയതിന് പിന്നാലെ നായകന്‍ സ്റ്റീവന്‍ സ്‌മിത്തിനെ പൂജ്യത്തില്‍ പറഞ്ഞയച്ച് ഹാര്‍ദിക് പാണ്ഡ്യ ഓസീസ് മുന്‍നിരയെ വരിഞ്ഞുമുറുക്കി. ഇതിന് ശേഷം അലക്‌സ് ക്യാരിക്ക് പുറമെ ഡേവിഡ് വാര്‍ണര്‍(31 പന്തില്‍ 23), മാര്‍നസ് ലബുഷെയ്‌ന്‍(45 പന്തില്‍ 28) എന്നിവരുടെ വിക്കറ്റും കുല്‍ദീപിനായിരുന്നു. 

26 പന്തില്‍ 25 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസിനെയും 23 പന്തില്‍ 26 നേടിയ ഷോണ്‍ അബോട്ടിനേയും അക്‌സര്‍ പട്ടേലും 21 പന്തില്‍ 17 നേടിയ അഷ്‌ടണ്‍ അഗറിനെയും 11 പന്തില്‍ 10 നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിനേയും മുഹമ്മദ് സിറാജും പുറത്താക്കിയപ്പോള്‍ 11 പന്തില്‍ 10 റണ്ണുമായി ആദം സാംപ പുറത്താവാതെ നിന്നു. 

ഓസില്‍ യുഗം അവസാനിച്ചു; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് താരം