Asianet News MalayalamAsianet News Malayalam

ബാല്യകാലം തിരിച്ചുകിട്ടി 90സ് കിഡ്സ്; 50-ാം വയസിലും അടിച്ചുതകര്‍ത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ടീമിന് ജയം

ബെംഗളൂരുവിനടുത്ത സായ് കൃഷ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ചാരിറ്റി മത്സരത്തില്‍ ഇറങ്ങിയത്

Watch Sachin Tendulkar showcases skill in age of 50 in One World One Family Cup 2024 charity game
Author
First Published Jan 18, 2024, 6:29 PM IST

ബെംഗളൂരു: ക്രിക്കറ്റ് പ്രേമികള്‍ക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നാല്‍ എക്കാലവും ആവേശമാണ്. കൗമാര പ്രായത്തില്‍ ലോകോത്തര പേസര്‍മാരെയും സ്പിന്നര്‍മാരെയും യാതൊരു കൂസലുമില്ലാതെ പറത്തിത്തുടങ്ങി എക്കാലത്തെയും മികച്ച ബാറ്ററായി കസേര ഉറപ്പിച്ച സച്ചിന്‍റെ ബാറ്റിംഗ് വീണ്ടും കാണാനായാലോ? 'വണ്‍ വേള്‍ഡ് വണ്‍ ഫാമിലി കപ്പ് 2024' എന്ന ചാരിറ്റി മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ ആ ത്രില്ലിലായിരുന്നു ആരാധകര്‍. 50-ാം വയസിലും തന്‍റെ ട്രേഡ്‌മാര്‍ക്ക് ഷോട്ടുകളുമായി സച്ചിന്‍ മത്സരത്തില്‍ ആരാധകരുടെ മനംകവര്‍ന്നു. 

ബെംഗളൂരുവിനടുത്ത സായ് കൃഷ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ചാരിറ്റി മത്സരത്തില്‍ ഇറങ്ങിയത്. സച്ചിന്‍ നായകനായ വണ്‍ വേള്‍ഡും യുവ്‌രാജ് സിംഗ് ക്യാപ്റ്റനായ വണ്‍ ഫാമിലിയും മത്സരത്തില്‍ മുഖാമുഖം വന്നു. സച്ചിന്‍റെ ടീമില്‍ നമാന്‍ ഓജ (വിക്കറ്റ് കീപ്പര്‍), എസ് ബദ്രിനാഥ്, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ സിംഗ്, അശോക് ദിണ്ട, ആര്‍ പി സിംഗ്, ഉപുല്‍ തരംഗ, അജന്ത മെന്‍ഡിസ്, അല്‍വിരോ പീറ്റേഴ്‌സണ്‍, മോണ്ടി പനേസര്‍, ഡാനി മോറിസണ്‍ എന്നിവരും യുവിയുടെ ടീമില്‍ പാര്‍ഥീവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് കൈഫ്, യൂസഫ് പത്താന്‍, വെങ്കടേഷ് പ്രസാദ്, ഡാരന്‍ മാഡ്ഡി, റൊമേഷ് കലുവിതരണ, ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍, ആലോക് കാപലി, ജേസന്‍ ക്രേസ, മഖായ എന്‍റിനി എന്നിവരുമാണുണ്ടായിരുന്നത്. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുവിയും സംഘവും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ഡാരന്‍ മാഡ്ഡി 41 പന്തില്‍ 51 ഉം, യൂസഫ് പത്താന്‍ 24 ബോളില്‍ 38 ഉം, യുവ്‌രാജ് സിംഗ് 10 പന്തില്‍ 23 ഉം റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 16 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 27 റണ്‍സെടുത്താണ് മടങ്ങിയത്. ദീര്‍ഘകാലം എതിരാളിയായിരുന്ന മുത്തയ്യ മുരളീധരനായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വിക്കറ്റ്. സച്ചിന്‍ പുറത്തായ ശേഷം തകര്‍ത്തടിച്ച അല്‍വിരോ പീറ്റേഴ്‌സണ്‍ 50 ബോളില്‍ 74 റണ്ണടിച്ചതോടെ സച്ചിന്‍റെ വണ്‍ വേള്‍ഡ് 19.5 ഓവറില്‍ നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ഉപുല്‍ തരംഗ 29 റണ്‍സ് നേടി.

സച്ചിന്‍റെ പ്രകടനം- വീഡിയോ

Read more: സഞ്ജു സാംസൺ ഉൾപ്പെട്ട റെക്കോർഡ് പഴങ്കഥ; തല്ലിക്കെടുത്തി രോഹിത് ശർമ്മ- റിങ്കു സിം​ഗ് കൂട്ടുകെട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios