അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് തോക്കുപോലെ പിടിച്ച് ഡ്രസ്സിംഗ് റൂമിനുനേരെ നോക്കി ഫര്‍ഹാന് വെടിവെക്കുന്നതുപോലെ ആംഗ്യം കാട്ടുകയായിരുന്നു.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് വെടിവെക്കുന്നതുപോലെ ആംഗ്യം കാണിച്ച് പാക് ഓപ്പണര്‍ സാഹിബ്സാദ ഫർഹാന്‍റെ ആഘോഷം. പത്താം ഓവറില്‍ അക്സര്‍ പട്ടേലിനെ സിക്സിന് പറത്തിയാണ് ഫര്‍ഹാന്‍ 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചത്. ഇതിന് പിന്നാലെയായിരുന്നു ഡ്രസ്സിംഗ് റൂമിനുനേരെ തിരിഞ്ഞുനിന്ന് ബാറ്റെടുത്ത് സാങ്കല്‍പ്പിക വെടിവെച്ച് ഫര്‍ഹാന്‍ ആഘോഷിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും കഴിഞ്ഞ മത്സരത്തിലെ ഹസ്തദാന വിവാദത്തിന്‍റെയും പശ്ചാത്തലത്തില്‍ ഫര്‍ഹാന്‍ നടത്തിയ ആഘോഷം വലിയ ചര്‍ച്ചയാവുകയും ചെയ്തു.

നേരത്തെ ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കും മുമ്പെ ഫര്‍ഹാന്‍ നല്‍കിയ ക്യാച്ച് തേര്‍ഡ്മാനില്‍ അഭിഷേക് ശര്‍മ കൈവിട്ടിരുന്നു. പിന്നാലെ പവര്‍പ്ലേയില്‍ ബുമ്രയെ തെരെഞ്ഞെുപിടിച്ച് ശിക്ഷിച്ച ഫര്‍ഹാന്‍ പാക് സ്കോറുയര്‍ത്തി. പവര്‍ പ്ലേക്ക് പിന്നാലെ സാഹിബ്സാദ ഫര്‍ഹാന്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ലോംഗ് ഓഫില്‍ നല്‍കിയ രണ്ടാമത്തെ ക്യാച്ചും അഭിഷേക് ബൗണ്ടറിയില്‍ കൈവിട്ടു. ഇത്തവണ ക്യാച്ച് വിട്ടതിന് പിന്നാലെ അഭിഷേക് സിക്സും വഴങ്ങി. പിന്നാലെ കുല്‍ദീപ് യാദവിനെതിരെയും അക്സര്‍ പട്ടേലിനെതിരെയും സിക്സ് പറത്തിയാണ് ഫര്‍ഹാന്‍ 34 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.

അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് തോക്കുപോലെ പിടിച്ച് ഡ്രസ്സിംഗ് റൂമിനുനേരെ നോക്കി ഫര്‍ഹാന് വെടിവെക്കുന്നതുപോലെ ആംഗ്യം കാട്ടുകയായിരുന്നു. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയോട് പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയ മത്സരത്തില്‍ 44 പന്തില്‍ 40 റണ്‍സെടുത്ത ഫര്‍ഹാന്‍ പാകിസ്ഥാന്‍റെ ടോപ് സ്കോററായിരുന്നു. പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഫഖര്‍ സമനെ മൂന്നാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചെങ്കിലും രണ്ടാം വിക്കറ്റില്‍ സയ്യീം അയൂബും സാഹിബ്സാദ ഫര്‍ഹാനും ചേര്‍ന്ന് പാകിസ്ഥാനെ 93 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. സയ്യിം അയൂബിനെ മടക്കിയ ശിവം ദുബെയാണ് കൂട്ടുകെട്ട് പൊളിച്ചത്. പതിനഞ്ചാം ഓവറില്‍ ശിവം ദുബെ സാഹിബ്സാദ ഫര്‍ഹാനെ വീഴ്ത്തി തിരിച്ചടിച്ചു.രണ്ട് തവണ ജീവന്‍ കിട്ടി 45 പന്തില്‍ 58 റണ്‍സടിച്ച ഫര്‍ഹാനെ ദുബെയുടെ പന്തില്‍ ഇന്ത്യൻ ക്യാപ്റ്റൻ സുരക്ഷിതമായി കൈയിലൊതുക്കി.

Scroll to load tweet…

Scroll to load tweet…

Sahibzada Farhan

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക