ശിവം ദുബെയുടെ പന്തില്‍ ജനൈദ് സിദ്ധിഖിനെ സഞ്ജു റണ്ണൗട്ടാക്കിയെങ്കിലും അതിന് മുമ്പ് റണ്ണപ്പിനിടെ ബൗളറുടെ അരയില്‍ തിരുകിയിരുന്ന ടവല്‍ താഴെ വീണിരുന്നതിനാല്‍ അമ്പയര്‍ ഡെഡ് ബോള്‍ വിളിച്ചതോടെ റണ്ണൗട്ട് നിഷേധിക്കപ്പെട്ടു.

ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഓപ്പണര്‍ സ്ഥാനം നഷ്ടമായെങ്കിലും വിക്കറ്റ് കീപ്പര്‍ സ്ഥാനം നിലനിര്‍ത്തയ സഞ്ജു കാഴ്ചവെച്ചത് മിന്നും പ്രകടനം. സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളെയെല്ലാം ബൗണ്ടറി കടത്തിയാണ് യുഎഇക്കെതിരായ മത്സരത്തില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയത്. മധ്യനിരയില്‍ ഫിനിഷറായി ജിതേഷ് ശര്‍മ പ്ലേയിംഗ് ഇലവനിലെത്തുമെന്നായിരുന്നു മത്സരത്തിന് തൊട്ടു മുമ്പ് വരെ പുറത്തുവന്ന റിപ്പോര്‍ട്ടുകൾ. പരിശീലനത്തില്‍ സഞ്ജുവിന് കാര്യമായി ബാറ്റിംഗിന് അവസരം ലഭിക്കാാതിരുന്നതും വിക്കറ്റ് കീപ്പിംഗില്‍ പരിശീലനം നടത്തിയ സഞ്ജുവിനോട് ബാറ്റിംഗ് പരിശീലനം നടത്താന്‍ കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടതും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ ഇടമുണ്ടാകില്ലെന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെട്ടു.

എന്നാല്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി ഗൗതം ഗംഭീര്‍ സഞ്ജുവില്‍ വിശ്വാസം അര്‍പ്പിച്ചു. ഓപ്പണര്‍ സ്ഥാനം നഷ്ടമായെങ്കിലും മധ്യനിരയില്‍ സഞ്ജുവിന് ഇടം നല്‍കി. തുടര്‍ച്ചയായ 15 ടോസ് നഷ്ടങ്ങള്‍ക്ക് ശേഷം ആദ്യമായി ടോസ് ജയിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതോടെ വിക്കറ്റിന് പിന്നില്‍ സഞ്ജു എങ്ങനെ മികവ് കാട്ടുന്നുവെന്നായിരുന്നു മലയാളി ആരാധകരുടെ ആകാംക്ഷ. എന്നാല്‍ ജസ്പ്രീത് ബുമ്ര എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്ക് വൈഡായി പോയപ്പോള്‍ ആ പന്ത് തന്‍റെ ഇടതുവശത്തേക്ക് ഫുൾ സ്ട്രെച്ച് ഡൈവ് ചെയ്ത് കൈയിലൊതുക്കി ബൗണ്ടറി കടക്കാതെ കാത്ത സഞ്ജു ആദ്യം തന്നെ വിക്കറ്റിന് പിന്നില്‍ കയ്യടി നേടി. പിന്നാല കുല്‍ദീപിന്‍റെ പന്തില്‍ എല്‍ബിഡബ്ല്യൂവിനായി ഉറച്ച അപ്പീലുമായി വിക്കറ്റെടുക്കാന്‍ സഹായിച്ച സഞ്ജു ശിവം ദുബെയുടെ പന്തില്‍ ആസിഫ് ഖാനെ വിക്കറ്റിന് പിന്നില്‍ പറന്നു പിടിച്ചു മികവ് കാട്ടി.

Scroll to load tweet…

അവിടെയും തീര്‍ന്നില്ല, ശിവം ദുബെയുടെ പന്തില്‍ ജനൈദ് സിദ്ധിഖിനെ സഞ്ജു റണ്ണൗട്ടാക്കിയെങ്കിലും അതിന് മുമ്പ് റണ്ണപ്പിനിടെ ബൗളറുടെ അരയില്‍ തിരുകിയിരുന്ന ടവല്‍ താഴെ വീണിരുന്നതിനാല്‍ അമ്പയര്‍ ഡെഡ് ബോള്‍ വിളിച്ചതോടെ റണ്ണൗട്ട് നിഷേധിക്കപ്പെട്ടു. ശിവം ദുബെയുടെ ബൗണ്‍സറില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച സിദ്ധിഖി തിരിച്ച് ക്രീസില്‍ കയറാതെ നിന്നപ്പോഴായിരുന്നു സഞ്ജു വിക്കറ്റിന് പിന്നില്‍ നിന്ന് സ്റ്റംപിലേക്ക് പന്തെറിഞ്ഞ് റണ്ണൗട്ടാക്കിയത്. റീപ്ലേകളില്‍ സിദ്ദീഖിയുടെ കാല്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്താണെന്ന് വ്യക്തമാകുകയും സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ ഓട്ട് തെളിയുകയും ചെയ്തു. എന്നാല്‍ പന്ത് റിലീസ് ചെയ്യും മുമ്പ് ശിവം ദുബെയുടെ അരയില്‍ നിന്ന് ടവല്‍ താഴെ വീണതിനാല്‍ അമ്പയര്‍ വീണ്ടും റീപ്ലേ പരിശോധിച്ച് ഡെഡ് ബോള്‍ വിളിച്ചതോടെ റണ്ണൗട്ട് നിഷേധിക്കപ്പെട്ടു. എന്നാല്‍ അതേ ഓവറില്‍ ശിവം ദുബെ സിദ്ദീഖിയെ പുറത്താക്കിയതിന് പിന്നാലെ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ഹൈദര്‍ അലിയുടെ അണ്ടര്‍ എഡ്ജ് കൈയിലൊതുക്കിയ സഞ്ജു യുഎഇയുടെ ഇന്നിംഗ്സിന് തിരശീലയിട്ടു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക