തിരുവനന്തപുരം: ഒരോവറില്‍ യുവ്‌രാജ് സിംഗ് പറത്തിയ ആറ് സിക്‌സുകളുടെ ഐതിഹാസിക ബാറ്റിംഗ് ഓര്‍മ്മിപ്പിച്ച ഇന്നിംഗ്‌സ്. ആറില്ലെങ്കിലും മൂന്ന് സിക്‌സുമായി ശിവം ദുബെ വരവറിയിച്ചു. സ്ലോ ബോളുകള്‍ എറിയാന്‍ വിദഗ്ധനായ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിനെയാണ് ദുബെ പൊള്ളിച്ചുവിട്ടത്. നടപ്പിലും ബാറ്റ് വീശുന്നതിലും മാത്രമല്ല, ഷോട്ടിലും താന്‍ ജൂനിയര്‍ യുവിയാണെന്ന് ദുബെ തെളിയിച്ചു.

ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കാതെ തനിക്കുപകരം മൂന്നാം നമ്പറില്‍ ശിവം ദുബെയെ ഇറക്കുകയായിരുന്നു നായകന്‍ വിരാട് കോലി. പൊള്ളാര്‍ഡ് എറിഞ്ഞ ഒന്‍പതാം ഓവറില്‍ കോലിയുടെ മനസിലിരിപ്പ് വ്യക്തമായി. മൂന്ന് സിക്‌സടക്കം 26 റണ്‍സാണ് പൊള്ളാര്‍ഡിന്‍റെ ഈ ഓവറില്‍ ദുബെ അടിച്ചുകൂട്ടിയത്. മൂന്ന്, നാല്, അഞ്ച് പന്തുകള്‍ തുടര്‍ച്ചയായി ഗാലറിയിലെത്തി. യുവി സ്റ്റൈലില്‍ ഓഫ്‌സൈഡിലും ലെഗ്‌സൈഡിലും സിക്‌സര്‍ പറന്നു. 

ദുബെയുടെ ഹാട്രിക് സിക്‌സ് കാണാം

എന്നാല്‍ ടി20യിലെ കന്നി ഫിഫ്റ്റിക്ക് പിന്നാലെ 11-ാം ഓവറില്‍ വാല്‍ഷിന്‍റെ പന്തില്‍ ദുബെയെ ഹെറ്റ്‌മയര്‍ പിടികൂടി. ദുബെ നേടിയത് 34 പന്തില്‍ 54 റണ്‍സ്. മത്സരം ഇന്ത്യ തോറ്റെങ്കിലും ദുബെയുടെ മികവിന് കയ്യടിച്ചു ആരാധകര്‍. ദുബെയെ നേരത്തെയിറക്കിയ നായകന്‍ വിരാട് കോലിയുടെ തീരുമാനത്തെയും ആരാധകര്‍ പ്രശംസിച്ചു.