ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ പവലിയനിലെ ഗ്ലാസുകള്‍ ഉടച്ച് പാക് താരം ഷൊയൈബ് മാലിക്കിന്‍റെ സിക്‌സറുകള്‍. സിഎഎ സെന്‍ററില്‍ ബ്രാംപ്‌ടണ്‍ വോള്‍വ്‌സിനെതിരെ ആദ്യ ക്വാളിഫയറില്‍ വാന്‍കൂവര്‍ നൈറ്റ്സ്‌ നായകനായ മാലിക്കിന്‍റെ ബാക്ക്‌വേഡ് പോയിന്‍റിലൂടെയുള്ള ഷോട്ടുകളാണ് ചില്ലുകളുടച്ചത്. 

ഇഷ് സോധി എറിഞ്ഞ 13-ാം ഓവറിലെ രണ്ടാം പന്തില്‍ മാലിക്കിന്‍റെ 68 മീറ്റര്‍ സിക്‌സര്‍ നേരിട്ട് പവലിയനിലെ ഗ്ലാസില്‍ പതിക്കുകയായിരുന്നു. പിന്നാലെ പാക് സഹതാരം വഹാബ് റിയാസിന്‍റെ ഓവറില്‍ സമാനമായ ദിശയില്‍ മാലിക്കിന്‍റെ 67 മീറ്റര്‍ സിക്‌സും ചില്ലുകളുടച്ച് കടന്നുപോയി. ഗ്ലോബല്‍ ടി20 സമൂഹമാധ്യമങ്ങളിലൂടെ മാലിക്കിന്‍റെ സിക്‌സുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മത്സരം വാന്‍കൂവര്‍ നൈറ്റ്‌സ് മഴനിയമപ്രകാരം 77 റണ്‍സിന് വിജയിച്ച് ഫൈനലിലെത്തി. മാലിക്ക് 26 പന്തില്‍ മൂന്ന് സിക്‌സുകളടക്കം 46 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആന്ദ്രേ റസല്‍ 21 പന്തില്‍ 43 റണ്‍സും നേടിയപ്പോള്‍ ടീം 16 ഓവറില്‍ നാല് വിക്കറ്റിന് 170 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ മണ്‍റോ(25 പന്തില്‍ 62 റണ്‍സ്) മാത്രം തിളങ്ങിയപ്പോള്‍ ബ്രാംപ്റ്റണ്‍ 103ന് പുറത്തായി.