ശ്രേയങ്ക പാട്ടീലിന്‍റെ നാല് വിക്കറ്റ് നേട്ടവും ഗയാന ആമസോണ്‍ വാരിയേഴ്‌സ് വുമണ്‍സിനെ ജയിപ്പിച്ചില്ല

ബാര്‍ബഡോസ്: വനിതാ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ബൗളറായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശ്രേയങ്ക പാട്ടീല്‍. ഗയാന ആമസോണ്‍ വാരിയേഴ്‌സ് വുമണ്‍സ് താരമായ ശ്രേയങ്ക തന്‍റെ 4 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്താണ് ബാര്‍ബഡോസ് റോയല്‍സ് വുവണ്‍സിന്‍റെ നാല് താരങ്ങള്‍ക്ക് മടക്ക ടിക്കറ്റ് കൊടുത്തത്. ബാര്‍ബഡോസിലെ കെന്‍സിങ്‌ടണ്‍ ഓവലിലാണ് ശ്രേയങ്കയുടെ നേട്ടം. റഷാഡ വില്യംസ്, ഹെയ്‌ല്‍ മാത്യൂസ്, ആലിയ അലീന്‍, ചേഡന്‍ നേഷന്‍ എന്നിവരെയാണ് ശ്രേയങ്ക പാട്ടീല്‍ പുറത്താക്കിയത്. 

എന്നാല്‍ ശ്രേയങ്ക പാട്ടീലിന്‍റെ നാല് വിക്കറ്റ് നേട്ടവും ഗയാന ആമസോണ്‍ വാരിയേഴ്‌സ് വുമണ്‍സിനെ ജയിപ്പിച്ചില്ല. മത്സരം മൂന്ന് വിക്കറ്റിന് ബാര്‍ബഡോസ് റോയല്‍സ് വനിതകള്‍ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ഗയാന ടീം 20 ഓവറില്‍ 4 വിക്കറ്റിന് 146 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ബാര്‍ബഡോസ് നാല് പന്ത് ബാക്കിനില്‍ക്കേ 7 വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. സ്കോര്‍: ഗയാന- 146/4 (20), ബാര്‍ബഡോസ്- 147/7 (19.2). ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസോണ്‍ വാരിയേഴ്‌സിനായി സോഫീ ഡിവൈന്‍ 40 പന്തില്‍ 42 ഉം സൂസീ ബേറ്റ്‌സ് 26 പന്തില്‍ 30 ഉം നടാഷ മക്‌ലീന്‍ 26 പന്തില്‍ 38 ഉം സ്റ്റെഫാനീ ടെയ്‌ലര്‍ 13 പന്തില്‍ 10 ഉം ഷെമെയ്‌ന്‍ കാംപ്‌ബെല്ലെ 13 പന്തില്‍ പുറത്താകാതെ 19* ഉം റണ്‍സെടുത്തു. 

Scroll to load tweet…

മറുപടി ബാറ്റിംഗില്‍ ബാര്‍ബഡോസ് റോയല്‍സ് വനിതകളുടെ ഗാബി ലൂയിസ് രണ്ടും റഷാഡ വില്യംസ് ആറും റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഹെയ്‌ലി മാത്യൂസ് 19 പന്തില്‍ 22 ഉം എറിന്‍ ബേണ്‍സ് 41 പന്തില്‍ 53* ഉം ലോറ ഹാരിസ് 6 പന്തില്‍ 18 ഉം അമാന്‍ഡ ജേഡ് വെല്ലിംഗ്‌ടണ്‍ 11 പന്തില്‍ 15* ഉം റണ്‍സെടുത്തത് ആശ്വാസമായി. ശ്രേയങ്ക പാട്ടീലിന്‍റെ നാലിന് പുറമെ ഷക്കീര സെല്‍മന്‍ രണ്ടും സോഫീ ഡിവൈന്‍ ഒന്നും വിക്കറ്റ് സ്വന്തമാക്കി. 

Read more: സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുമോ? കെ എല്‍ രാഹുലിന്‍റെ പരിക്ക്; നിര്‍ണായക അപ്‌ഡേറ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം