ലങ്കന്‍ പേസര്‍ അസിത ഫെര്‍ണാണ്ടോയ്‌ക്ക് എതിരെയായിരുന്നു ബാബര്‍ അസമിന്‍റെ ഷോട്ട്

കൊളംബോ: ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം നേടിയൊരു ബൗണ്ടറി വലിയ ചര്‍ച്ചയാവുകയാണ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോരായ 166 റണ്‍സ് പിന്തുടരവേയായിരുന്നു ബാബറിന്‍റെ ഈ ഷോട്ട്. ബാബര്‍ ബോധപൂര്‍വം കളിച്ച ഷോട്ട് ആണോ അതോ, അബദ്ധത്തില്‍ സംഭവിച്ചുപോയതാണോ ഇത് എന്നതാണ് ആരാധകര്‍ക്കിടയിലെ ചോദ്യം. ബാബറിന്‍റെ ഷോട്ടിന്‍റെ പേരില്‍ ചേരിതിരിഞ്ഞ് ആരാധകര്‍ തര്‍ക്കിക്കുകയാണ്. 

ലങ്കന്‍ പേസര്‍ അസിത ഫെര്‍ണാണ്ടോയ്‌ക്ക് എതിരെയായിരുന്നു ബാബര്‍ അസമിന്‍റെ ഷോട്ട്. ഓഫ് സ്റ്റംപിന് പുറത്തുവന്ന അസിതയുടെ പന്ത് ബാബര്‍ ലീവ് ചെയ്യും എന്നാണ് ആദ്യം തോന്നിച്ചത്. എന്നാല്‍ അവസാന നിമിഷം ഫസ്റ്റ് സ്ലിപിനും ഗള്ളിക്കും ഇടയിലൂടെ അസാധാരണ ഷോട്ട് കളിച്ച് ബൗണ്ടറി നേടുകയായിരുന്നു പാക് ക്യാപ്റ്റന്‍. അപ്രതീക്ഷിതമായിരുന്നു ബാബറിന്‍റെ ഈ ഷോട്ട് എന്നത് അസിത ഫെര്‍ണാണ്ടോയുടെ പ്രതികരണത്തില്‍ വ്യക്തമായിരുന്നു. ബാബര്‍ മനപ്പൂര്‍വം ഈ ഷോട്ട് കളിച്ചതാണോ അതോ അബദ്ധത്തില്‍ സംഭവിച്ചതാണോ എന്നതിനെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റുമുട്ടുകയാണ് ആരാധകര്‍. ബാബര്‍ അസമിന്‍റെ കണ്ടെത്തലായാണ് ഈ ഷോട്ടിനെ പാക് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്തായാലും ഇരു കൂട്ടരും ട്വിറ്ററില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. 

Scroll to load tweet…

മത്സരത്തില്‍ ലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 166 റണ്‍സ് പിന്തുടരുന്ന പാകിസ്ഥാന്‍ മൂന്നാം ദിനം ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ 70 ഓവറില്‍ 270-3 എന്ന നിലയിലാണ്. പാകിസ്ഥാന്‍റെ ലീഡ് 100 റണ്‍സ് പിന്നിട്ടു. സെഞ്ചുറി പിന്നിട്ട അബ്‌ദുള്ള ഷഫീഖും(129*), സൗദ് ഷക്കീലുമാണ്(25*) ക്രീസില്‍. ഓപ്പണര്‍ ഇമാം ഉള്‍ ഹഖ്(6), മൂന്നാം നമ്പര്‍ ബാറ്റര്‍ ഷാന്‍ മസൂദ്(51) എന്നിവരുടെ വിക്കറ്റ് നേരത്തെ നഷ്‌ടമായപ്പോള്‍ 75 പന്തില്‍ 39 റണ്‍സെടുത്ത ബാബര്‍ അസമിന്‍റെ വിക്കറ്റ് മൂന്നാംദിനം തുടക്കത്തിലെ പാകിസ്ഥാന് നഷ്‌ടമായി. 

Scroll to load tweet…
Scroll to load tweet…

Read more: സഞ്ജു സാംസണ്‍ പിന്നില്‍, മുന്‍തൂക്കം ഇഷാന്‍ കിഷന്; കാരണം പറഞ്ഞ് ദിനേശ് കാര്‍ത്തിക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം