Asianet News MalayalamAsianet News Malayalam

ഒന്നൊന്നര പറക്കല്‍; ഇംഗ്ലണ്ടിനെതിരെ തകർപ്പന്‍ ക്യാച്ചുമായി സ്മൃതി മന്ദാന

വ്യക്തിഗത സ്കോർ 49ല്‍ നില്‍ക്കേയാണ് മന്ദാനയുടെ വണ്ടർ ക്യാച്ചില്‍ നാട്ടലീ സൈവർ പുറത്താവുന്നത്

Watch Smriti Mandhana takes a stunner to dismiss Natali Sciver
Author
London, First Published Jul 4, 2021, 11:57 AM IST

ലണ്ടന്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ബാറ്റിംഗ് ഹീറോകളില്‍ ഒരാളാണ് സ്മൃതി മന്ദാന. ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ നാട്ടലീ സൈവറെ പുറത്താക്കാന്‍ പറക്കും ക്യാച്ചെടുത്ത് ഫീല്‍ഡിംഗിലും സ്മൃതി മന്ദാന താരമായി. 

വ്യക്തിഗത സ്കോർ 49ല്‍ നില്‍ക്കേയാണ് മന്ദാനയുടെ വണ്ടർ ക്യാച്ചില്‍ നാട്ടലീ സൈവർ പുറത്താവുന്നത്. ഇംഗ്ലണ്ട് വനിതകളുടെ ഇന്നിംഗ്സിലെ 38-ാം ഓവറില്‍ ഓഫ് സ്പിന്നർ ദീപ്തി ശർമ്മയെ ബൗണ്ടറി പറത്തി അർധ സെഞ്ചുറി പൂർത്തിയാക്കാനായിരുന്നു നാട്ടലീയുടെ ശ്രമം. എന്നാല്‍ നാട്ടലീയുടെ പദ്ധതികളെല്ലാം തകർത്ത മന്ദാന തന്‍റെ ഇടത്തേക്കോടി ബൗണ്ടറിക്കരികെ മുഴുനീള ഡൈവിംഗിലൂടെ പന്ത് പിടിക്കുകയായിരുന്നു. 

കാണാം സ്മൃതി മന്ദാനയുടെ ക്യാച്ച്

നാട്ടലീ സൈവറെ പുറത്താക്കിയതോടെ മത്സരത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യ 47 ഓവറില്‍ ഇംഗ്ലണ്ടിനെ 219 റണ്‍സില്‍ ചുരുട്ടിക്കെട്ടി. നാട്ടലീയുടെ വിക്കറ്റടക്കം മൂന്ന് പേരെ പുറത്താക്കിയ ദീപ്തി ശര്‍മയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. നാട്ടലീ 49 റണ്‍സ് നേടിയത് നേരിട്ട 59 പന്തില്‍ നിന്നായിരുന്നു. 

ഇംഗ്ലണ്ട് വനിതകള്‍ മുന്നോട്ടുവച്ച 220 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യന്‍ വനിതകള്‍ ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ അർദ്ധ സെഞ്ചുറിക്കരുത്തില്‍ 46.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ജയത്തിലെത്തി. മിതാലി 86 പന്തില്‍ പുറത്താകാതെ 75 റണ്‍സെടുത്തു. ബാറ്റിംഗിലും തിളങ്ങിയ സ്മൃതി മന്ദാന 57 പന്തില്‍ 49 റണ്‍സ് നേടി. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. 

മിതാലിക്ക് റെക്കോഡ്; ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios