പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ഒരു ആരാധകന്‍ ഉറങ്ങുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്
ട്രിനിഡാഡ്: ഒരുവശത്ത് ആവേശം കൊടുമുടി കയറുന്ന ആഷസ് പരമ്പര, മറുവശത്ത് ഗാലറി ശോകമൂകമാക്കി വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ രണ്ടാം ടെസ്റ്റ്. ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം ബാറ്റ് കൊണ്ട് രോഹിത് ശര്‍മ്മയും യശസ്വി ജയ്‌സ്വാളും വിരാട് കോലിയും തിളങ്ങിയിട്ടും ഗാലറിയില്‍ തണുപ്പായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ബോറടിപ്പിക്കുന്നു എന്ന തരത്തിലായിരുന്നു ട്രിനിഡാഡില്‍ വിന്‍ഡീസ് കാണികളുടെ പ്രതികരണം. ആദ്യദിനം തന്നെ പലരും ഉറങ്ങിവീണു. ഒരുകാലത്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കാണികളെ ആകര്‍ഷിച്ച ടീമായിരുന്നു വിന്‍ഡീസ് എന്നോര്‍ക്കണം.
പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ഒരു ആരാധകന്‍ ഉറങ്ങുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. ട്രിനിഡാഡില്‍ ആദ്യ ദിനം കളിച്ച 84 ഓവറുകളില്‍ നിന്ന് ഇന്ത്യന്‍ ടീം നാല് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 288 റണ്‍സ് നേടിയതോടെ വിന്‍ഡീസ് ആരാധകര്‍ക്ക് ആവേശമെല്ലാം ചോരുകയായിരുന്നു. 161 പന്തില്‍ 87* റണ്‍സുമായി മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും 84 പന്തില്‍ 36* റണ്‍സുമായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും രണ്ടാംദിനം ഇന്ത്യന്‍ ബാറ്റിംഗ് പുനരാരംഭിക്കും. കരിയറിലെ അഞ്ഞൂറാം രാജ്യാന്തര മത്സരത്തിലാണ് കോലി അര്‍ധസെഞ്ചുറി പിന്നിട്ട് ക്രീസില്‍ നില്‍ക്കുന്നത്.
ആദ്യ ദിനം അര്‍ധസെഞ്ചുറികള്‍ നേടിയ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ എന്നിവരുടെയും ചെറിയ സ്കോറുകളില്‍ മടങ്ങിയ മൂന്നാമന്‍ ശുഭ്മാന്‍ ഗില്‍, അഞ്ചാം നമ്പര്‍ താരം അജിങ്ക്യ രഹാനെ എന്നിവരുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തിനൊപ്പം 139 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ച ശേഷം യശസ്വി 74 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മ്മ 143 പന്തില്‍ 80 പേരിലാക്കിയപ്പോള്‍ ഗില്‍ 12 പന്തില്‍ പത്തുമായി വീണ്ടും നിരാശ സമ്മാനിച്ചു. 36 പന്തില്‍ 8 റണ്‍സെടുത്ത രഹാനെയ്ക്കും തിളങ്ങാനായില്ല. വെസ്റ്റ് ഇന്‍ഡീസിനായി കെമാര്‍ റോച്ച്, ഷാന്നന്‍ ഗബ്രിയേല്‍, ജൊമെല്‍ വാരിക്കന്‍, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Read more: നിരാശപ്പെടുത്തി ഗില്ലും രഹാനെയും, ചരിത്ര ടെസ്റ്റില്‍ സെഞ്ചുറിയിലേക്ക് ബാറ്റുവീശി കോലി
