ബംഗാള്‍ ക്രിക്കറ്റ് ഫസ്റ്റ് ഡിവിഷനില്‍ രണ്ട് ബാറ്റർമാർ പുറത്തായ രീതിയാണ് സംശയം ജനിപ്പിക്കുന്നത്

കൊല്‍ക്കത്ത: ബംഗാള്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച് ഒത്തുകളി ആരോപണം. ഫസ്റ്റ് ഡിവിഷന്‍ ക്രിക്കറ്റ് ലീഗിലെ രണ്ട് വീഡിയോകള്‍ ഇന്ത്യന്‍ മുന്‍ അണ്ടർ 19 താരം ശ്രീവാത്സ് ഗോസ്വാമി ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. 

ബംഗാള്‍ ക്രിക്കറ്റ് ഫസ്റ്റ് ഡിവിഷനില്‍ രണ്ട് ബാറ്റർമാർ പുറത്തായ രീതിയാണ് സംശയം ജനിപ്പിക്കുന്നത്. മുഹമ്മദന്‍ സ്പോർടിംഗും ടൗണ്‍ ടീമും തമ്മിലുള്ള മത്സരത്തിലായിരുന്നു വിവാദ സംഭവം. ടൗണ്‍ ടീം സ്പിന്നർക്കെതിരെ മുഹമ്മദന്‍റെ രണ്ട് ബാറ്റർമാർ അലക്ഷ്യമായി കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതിലൊരാള്‍ ഇടംകൈയനും രണ്ടാമന്‍ വലംകൈയനുമാണ്. വലംകൈയന്‍ ബാറ്റർ അനായാസം പ്രതിരോധിക്കേണ്ട പന്ത് അനാവശ്യമായി ലീവ് ചെയ്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഇടംകൈയന്‍ ബാറ്ററാവട്ടെ കട്ട്ഷോട്ട് കളിക്കാനായി വലത്തോട്ട് ഫ്രണ്ട് ഫൂട്ടില്‍ മാറി കളിച്ച് സ്റ്റംപ് ചെയ്യപ്പെടുകയായിരുന്നു. ക്രീസില്‍ നിന്ന് കളിക്കാന്‍ നോണ്‍സ്ട്രൈക്കർ നല്‍കിയ നിർദേശം പോലും പാലിക്കാതിരുന്ന താരം സ്റ്റംപ് ചെയ്യപ്പെടാതിരിക്കാന്‍ കാല്‍ പിന്നിലേക്ക് കുത്താന്‍ നേരിയ ശ്രമം പോലും നടത്തിയില്ല. 

ഇരു വീഡിയോകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ശ്രീവാത്സ് ഗോസ്വാമി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. 'കൊല്‍ക്കത്ത ക്ലബ് ക്രിക്കറ്റിലെ സൂപ്പർ ഡിവിഷന്‍ മത്സരമാണിത്. രണ്ട് വന്‍ ടീമുകളാണ് ഇത് ചെയ്തത്. എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കെങ്കിലും അറിയുമോ? എന്‍റെ ഹൃദയത്തോട് അത്രയേറെ ചേർന്നുനില്‍ക്കുന്ന ഗെയിം ഇത്തരത്തില്‍ കളിക്കുന്നത് കാണുമ്പോള്‍ അപമാനം തോന്നുന്നു. ഞാന്‍ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നു, ബംഗാളില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഈ കാഴ്ച ഹൃദയഭേദകമാണ്. ക്ലബ് ക്രിക്കറ്റാണ് ബംഗാള്‍ ക്രിക്കറ്റിന്‍റെ ഹൃദയവും ആത്മാവും. അത് തകർക്കരുത് എന്ന് അപേക്ഷിക്കുന്നു. ഇതൊക്കെ സംഭവിച്ചിട്ടും മാധ്യമങ്ങള്‍ എവിടെയാണ്' എന്ന ചോദ്യത്തോടെയുമാണ് ശ്രീവാത്സ് ഗോസ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Read more: എല്ലാം അഹങ്കാരമോ? ഇഷാന്‍ കിഷനെ ബിസിസിഐ ടീമിലേക്ക് വിളിച്ചു, പക്ഷേ താരത്തിന്‍റെ മറുപടി! 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം