ആറാമനായി ക്രീസിലെത്തി ഭരത് 88 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ ഗംഭീരമായൊരു ഓവറുണ്ടായിരുന്നു
അഹമ്മദാബാദ്: റിഷഭ് പന്തിന് കാറപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റതോടെ ഇന്ത്യ ക്യത്യമായ വിക്കറ്റ് കീപ്പർ ബാറ്റർക്കായുള്ള അന്വേഷണത്തിലാണ്. ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ ആദ്യ മൂന്ന് ടെസ്റ്റുകളിലും ബാറ്റ് കൊണ്ട് തിളങ്ങാനാവാതെ വന്നതോടെ കെ എസ് ഭരതിനെ കീപ്പർ സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. ഭരതിന് പകരം ഇഷാന്‍ കിഷനെ കളിപ്പിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ നിർണായക ഇന്നിംഗ്സുമായി വിമർശകർക്ക് മറുപടി നല്‍കിയിരിക്കുകയാണ് കെ എസ് ഭരത്.
ആറാമനായി ക്രീസിലെത്തി ഭരത് 88 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ ഗംഭീരമായൊരു ഓവറുണ്ടായിരുന്നു. ഓസീസ് പേസ് ഓള്‍റൗണ്ടർ കാമറൂണ്‍ ഗ്രീന്‍ ഇന്ത്യന്‍ ഇന്നിംഗ്സില്‍ എറിഞ്ഞ 134-ാം ഓവറിലായിരുന്നു ഇത്. ആദ്യ പന്തില്‍ റണ്‍ നേടാതിരുന്ന കോലി രണ്ടാം പന്തില്‍ സിംഗിളെടുത്തു. മൂന്നാം പന്തില്‍ വന്ന ബൗണ്‍സർ ഡീപ് ബാക്ക്‍വേർഡ് സ്‍ക്വയറിലൂടെ ഗാലറിയിലെത്തിച്ചു താരം. തൊട്ടടുത്ത പന്തും ഏതാണ്ട് സമാനമായി ഗാലറിയിലേക്ക് പറത്തി. തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയും നേടിയപ്പോള്‍ ഈ ഓവറിലാകെ 21 റണ്‍സ് ഗ്രീന്‍ വഴങ്ങി. അഹമ്മദാബാദിലെ വലിയ മൈതാനത്ത് ആരാധകരെ ത്രസിപ്പിക്കുന്ന കാഴ്ചയായി ഇത്. മൂന്ന് ഓവറുകളുടെ ഇടവേളയില്‍ സ്പിന്നർ നേഥന്‍ ലിയോണാണ് ഭരതിനെ മടക്കിയത്. പീറ്റർ ഹാന്‍ഡ്സ്കോമ്പിനായിരുന്നു ക്യാച്ച്. രണ്ട് ഫോറും മൂന്ന് സിക്സറും ഭരത് സ്വന്തമാക്കി. വിരാട് കോലിക്കൊപ്പമുള്ള ഭരതിന്‍റെ കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിംഗ്സില്‍ നിർണായകമായി.
അതേസമയം അഹമ്മദാഹാദ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടരുന്ന ടീം ഇന്ത്യ അഞ്ച് വിക്കറ്റ് കയ്യിലിരിക്കേ ലീഡ് നേടിക്കഴിഞ്ഞു. നാലാം ദിനം അവസാന സെഷന്‍ പുരോഗമിക്കുമ്പോള്‍ 491-5 എന്ന നിലയിലാണ് ടീം ഇന്ത്യ. 128 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന് പിന്നാലെ വിരാട് കോലിയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. കോലി 145* ഉം അക്സർ 47* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.
