അഹമ്മദാബാദിലെ മൂന്നാം ട്വന്‍റി 20 വിജയിച്ച് ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കിയപ്പോള്‍ ട്രോഫി നായകന്‍ ഹാർദിക് പാണ്ഡ്യ ഏല്‍പിച്ചത് പൃഥ്വി ഷായെയായിരുന്നു

അഹമ്മദാബാദ്: ന്യൂസിലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയെങ്കിലും ടീം സെലക്ഷനില്‍ വിമർശനം ശക്തമാണ്. തുടർച്ചയായി ഓപ്പണിംഗില്‍ പരാജയമായ ഇഷാന്‍ കിഷന് പകരം പൃഥ്വി ഷായ്ക്ക് അവസരം നല്‍കിയില്ല എന്നതാണ് പ്രധാന വിമർശനം. അവസാന 14 രാജ്യാന്തര ട്വന്‍റി 20കളില്‍ 27(26), 15(7), 26(11), 3(5), 8(10), 11(13), 36(31), 10(11), 37(29), 2(5), 1(2), 4(5), 19(32), 1(3) എന്നിങ്ങനെയായിരുന്നു കിഷന്‍റെ സ്‌കോറുകള്‍. എന്നാല്‍ ഷായ്ക്ക് അവസരം നല്‍കുന്നില്ല എന്ന വിമർശനത്തെ ഒറ്റ തീരുമാനം കൊണ്ട് മറികടന്നിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാർദിക്. 

അഹമ്മദാബാദിലെ മൂന്നാം ട്വന്‍റി 20 വിജയിച്ച് ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കിയപ്പോള്‍ ട്രോഫി നായകന്‍ ഹാർദിക് പാണ്ഡ്യ ഏല്‍പിച്ചത് പൃഥ്വി ഷായെയായിരുന്നു. ബിസിസിഐ പ്രസിഡന്‍റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും കൈമാറിയ ട്രോഫി ടീം ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി ഷായ്ക്ക് കൈമാറുകയായിരുന്നു പാണ്ഡ്യ. ട്രോഫി ലഭിച്ചതിലുള്ള സന്തോഷം പൃഥ്വി ഷായുടെ മുഖത്ത് കാണാമായിരുന്നു. യുവനിരയ്ക്ക് പ്രാധാന്യമുള്ള ടീമാണിത് എന്ന സന്ദേശം ആരാധകർക്ക് നല്‍കുന്നതായി ഹാർദിക് പാണ്ഡ്യയുടെ നീക്കം. മൂന്ന് ടി20കളിലെ ഒരു മത്സരത്തില്‍ പോലും ഷായ്ക്ക് അവസരം നല്‍കിയിരുന്നില്ല. അഹമ്മദാബാദിലെ അവസാന മത്സരത്തില്‍ ഷാ ഇലവനിലെത്തും എന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ടീമില്‍ സ്ഥാനം നിലനിർത്തിയ ഇഷാന്‍ കിഷന്‍ മൂന്ന് പന്തില്‍ ഒരു റണ്ണുമായി പുറത്താവുകയും ചെയ്തു. എന്നാല്‍ മറുവശത്ത് സഹ ഓപ്പണർ ശുഭ്‍മാന്‍ ഗില്‍ 63 പന്തില്‍ പുറത്താവാതെ 126 റണ്‍സ് നേടിയതോടെ ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 234 റണ്‍സ് സ്വന്തമാക്കി. 

Scroll to load tweet…

മത്സരത്തില്‍ 168 റണ്‍സിന്‍റെ പടുകൂറ്റന്‍ ജയവുമായാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും പരമ്പര 2-1ന് സ്വന്തമാക്കിയത്. ഇന്ത്യയുടെ 234 റണ്‍സ് പിന്തുടർന്ന കിവികള്‍ 12.1 ഓവറില്‍ 66 റണ്‍സിന് എല്ലാവരും പുറത്തായി. 35 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ മാത്രമേ തിളങ്ങിയുള്ളൂ. ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ നാലും അർഷ്‍ദീപും ഉമ്രാനും മാവിയും രണ്ട് വീതവും വിക്കറ്റ് നേടി. നേരത്തെ 17 പന്തില്‍ 30 റണ്‍സുമായി പാണ്ഡ്യ ബാറ്റിംഗിലും തിളങ്ങിയിരുന്നു. 22 പന്തില്‍ 44 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി, 13 പന്തില്‍ 24 നേടിയ സൂര്യകുമാർ യാദവ് എന്നിവരുടെ ബാറ്റിംഗും ഇന്ത്യക്ക് തുണയായി. 

തോറ്റമ്പി കിവികള്‍, 66ല്‍ പുറത്ത്; 168 റണ്‍സിന്‍റെ ഹിമാലയന്‍ ജയവുമായി ഇന്ത്യക്ക് ടി20 പരമ്പര