മെഡല്‍ സ്വീകരിക്കാന്‍ രോഹിത് ശര്‍മ്മയും ദിനേശ് കാര്‍ത്തിക്കും രവി അശ്വിനും സ്‌റ്റൈലില്‍ എത്തി എന്ന കുറിപ്പോടെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പര(WI vs IND T20Is) 4-1ന് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം സ്വന്തമാക്കിയിരുന്നു. അവസാന ടി20യില്‍ 88 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായാണ് ഇന്ത്യ പരമ്പര അവസാനിപ്പിച്ചത്. മത്സരശേഷം ഇന്ത്യന്‍ ടീമിന്‍റെ(Indian National Cricket Team) വേറിട്ട ആഘോഷം ശ്രദ്ധനേടി. എന്നാല്‍ അത്ര സുരക്ഷിതമായിരുന്നില്ല ഈ ആഘോഷം. 

'മെഡല്‍ സ്വീകരിക്കാന്‍ രോഹിത് ശര്‍മ്മയും ദിനേശ് കാര്‍ത്തിക്കും രവി അശ്വിനും സ്‌റ്റൈലില്‍ എത്തി' എന്ന കുറിപ്പോടെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു. മൈതാനത്തുപയോഗിക്കുന്ന വാഹനത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ രംഗപ്രവേശം. ഇതിന് ശേഷം ഈ വാഹനത്തില്‍ മൈതാനം വലംവെച്ച് ഇന്ത്യന്‍ ആരാധകര്‍ക്ക് നന്ദിയറിയിക്കുകയും ചെയ്തു രോഹിത്തും സംഘവും. എന്നാല്‍ കുഞ്ഞന്‍ വാഹനത്തില്‍ ഇരുന്നും നിന്നും തിങ്ങിനിറഞ്ഞായിരുന്നു താരങ്ങളുടെ യാത്ര. ഈ ദൃശ്യങ്ങളും വലിയ ശ്രദ്ധയാണ് നേടുന്നത്. അതേസമയം പരമ്പര ജയത്തില്‍ ബിസിസിഐക്ക് അഭിനന്ദനം അറിയിക്കാന്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മറന്നില്ല. 

Scroll to load tweet…
Scroll to load tweet…

സ്ഥിരം നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സാണ് നേടിയത്. ഓപ്പണറായിറങ്ങി 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 38 റണ്‍സെടുത്ത ദീപക് ഹൂഡയും 16 പന്തില്‍ 28 റണ്‍സെടുത്ത താല്‍ക്കാലിക നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും നിര്‍ണായകമായി. സഞ്ജു സാംസണ് 11 പന്തില്‍ 15 റണ്‍സേ നേടാനായുള്ളൂ. സഞ്ജുവിന്‍റേത് ഉള്‍പ്പടെ മൂന്ന് വിക്കറ്റ് ഒഡീന്‍ സ്‌മിത്ത് വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ 15.4 ഓവറില്‍ വിന്‍ഡീസ് പുറത്താവുകയായിരുന്നു. നാല് വിക്കറ്റുമായി രവി ബിഷ്‌ണോയിയും മൂന്ന് പേരെ വീതം പുറത്താക്കി അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. അക്‌സര്‍ മത്സരത്തിലേയും അര്‍ഷ്‌ദീപ് പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

അല്ലേലും കട്ട ചങ്കുകള്‍ ഇങ്ങനെയാണ്; യാസ്‌തിക ഭാട്യയുടെ അമളി ആഘോഷമാക്കി സഹതാരങ്ങള്‍- വീഡിയോ വൈറല്‍