മത്സരശേഷം തിലകിനെ തേടി ഒരു വീഡിയോ കോള്‍ എത്തി. മറ്റാരുമല്ല, മുംബൈ ഇന്ത്യന്‍സില്‍ തിലകിന്‍റെ സഹതാരമായ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസ്. നേരിട്ട രണ്ടാം പന്തിലും മൂന്നാം പന്തിലും തിലക് സിക്സ് അടിക്കുന്നത് കണ്ട് തനിക്ക് രോമാഞ്ചം വന്നുവെന്ന് ബ്രെവിസ് പറഞ്ഞു.
ബാര്‍ബഡോസ്: രാജ്യാന്തര ടി20 അരങ്ങേറ്റത്തില്‍ നേരിട രണ്ടാം പന്തും മൂന്നാം പന്തും സിക്സിന് പറത്തിയ തിലക് വര്‍മ നടത്തിയത് സ്വപ്നതുല്യമായ അരങ്ങേറ്റം. ഒബേദ് മക്‌കോയിയുടെ പന്തില്‍ ഇഷാന്‍ കിഷന്‍ പുറത്തായപ്പോഴാണ് പവര്‍ പ്ലേയിലെ അവസാന ഓവറില്‍ നാലാം നമ്പറില്‍ തിലക് വര്‍മ ക്രീസിലെത്തിയത്. സഞ്ജു സാംസണ്‍ നാലാം നമ്പറില്‍ കളിക്കുമെന്നും തിലക് വര്‍മ ഫിനിഷറായി ആറാം നമ്പറിലെത്തുമെന്നുമായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്.
എന്നാല്‍ മുംബൈ ഇന്ത്യന്‍സിലെ തന്‍റെ ബാറ്റിംഗ് പൊസിഷനായ നാലാം നമ്പറില്‍ തന്നെ ബാറ്റിംഗിനെത്തിയ തിലക് അല്‍സാരി ജോസഫിന്‍റെ നേരിട്ട രണ്ടാം പന്ത് തന്നെ സ്ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സിന് പറത്തി. അടുത്ത പന്തും സമാനമായ രീതിയില്‍ സിക്സിന് പറത്തിയ തിലക് രാജ്യാന്തര അരങ്ങേറ്റം അതിഗംഭീരമാക്കി. ആ ഓവറിലെ അവസാന പന്തില്‍ ഓവര്‍ ത്രോയിലൂടെ ഒരു ബൗണ്ടറി കൂടി കിട്ടിയതോടെ തിലക് അഞ്ച് പന്തില്‍ 16 റണ്‍സിലെത്തി. എട്ടാം ഓവറില്‍ റൊമാരിയോ ഷെപ്പേര്‍ഡിനെതിരെയും തിലക് വെടിക്കെട്ട് തുടര്‍ന്നു.
ഷെപ്പേര്‍ഡിന്‍റെ ഓവറിലെ നാലാം പന്ത് വൈഡ് ലോംഗ് ഓഫിന് മുകളിലൂടെ സിക്സിന് പറത്തിയ തിലക് തൊട്ടടുത്ത പന്തില്‍ ബൗണ്ടറി നേടി. എന്നാല്‍ തിലകിന്‍റെ വെടിക്കെട്ട് അധികം നീണ്ടില്ല. 11-ാം ഓവറില്‍ ഷെപ്പേര്‍ഡിനെ വീണ്ടും ബൗണ്ടറി കടത്തിയതിന് പിന്നാലെ വീണ്ടും വമ്പന്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച തിലക് ഹെറ്റ്മെയറുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായി. 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും പറത്തിയ തിലക് 39 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്കോററാവുകയും ചെയ്തു.
മത്സരശേഷം തിലകിനെ തേടി ഒരു വീഡിയോ കോള്‍ എത്തി. മറ്റാരുമല്ല, മുംബൈ ഇന്ത്യന്‍സില്‍ തിലകിന്‍റെ സഹതാരമായ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസ്. നേരിട്ട രണ്ടാം പന്തിലും മൂന്നാം പന്തിലും തിലക് സിക്സ് അടിക്കുന്നത് കണ്ട് തനിക്ക് രോമാഞ്ചം വന്നുവെന്ന് ബ്രെവിസ് തിലകിന് അയച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബ്രെവിസിന്‍റെ അഭിനന്ദനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് തിലക് വര്‍മ പ്രതികരിച്ചു.
