മെല്‍ബണ്‍: മിന്നല്‍ സ്റ്റംപിങ്ങില്‍ ഒരേയൊരു രാജാവ് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയാണ്. ധോണിയുടെ മിന്നല്‍ വേഗത്തിന് മുന്നില്‍ പകച്ചുപോയ വമ്പന്‍ ബാറ്റ്‌സ്‌മാന്‍മാരേറെ. വിക്കറ്റിന് പിന്നില്‍ ധോണിയാണെങ്കില്‍ ക്രീസ് വിടും മുന്‍പ് ബാറ്റ്സ്‌മാന്മാര്‍ രണ്ടുവട്ടം ആലോചിക്കും. ഓസീസ് ടെസ്റ്റ് നായകന്‍ ടിം പെയ്‌നിന്‍റെ ഈ സ്റ്റംപിങ്ങിന് ധോണിയുടെ മിന്നല്‍വേഗവുമായി സാമ്യമേറെ.

മെല്‍ബണില്‍ ബോക്‌സിംഗ് ഡേ ടെസ്റ്റിലാണ് കിവീസ് താരം ഹെന്‍‌റി നിക്കോള്‍സിനെ പെയ്‌ന്‍ ഒന്ന് വേദനിപ്പിച്ചുവിട്ടത്. കറങ്ങിത്തിരിയുന്ന പന്തുകളുമായി മികച്ച ഫോമില്‍ പന്തെറിയുന്ന ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണിനെ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനായിരുന്നു ഇടംകൈയന്‍ ബാറ്റ്സ്‌മാനായ നിക്കോള്‍സ് ശ്രമിച്ചത്. എന്നാല്‍ നിക്കോള്‍സിന്‍റെ പിന്‍കാല്‍ ക്രീസില്‍ ഉറയ്‌ക്കും മുന്‍പ് പെയ്‌ന്‍ വിക്കറ്റ് തെറിപ്പിച്ചു. ക്രീസില്‍ നിന്ന് സെന്‍റി മീറ്ററുകള്‍ മാത്രം അകലെയായിരുന്നു ഈസമയം ഹെന്‍‌റി നിക്കോള്‍സിന്‍റെ കാല്‍. 

അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ കാണാം. 

അതേസമയം രണ്ടാം ടെസ്റ്റിലും കൂറ്റന്‍ ജയവുമായി ഓസീസ് 2-0ന് പരമ്പര സ്വന്തമാക്കി. ബോക്സിംഗ് ഡേ ടെസ്റ്റില്‍ 247 റണ്‍സിനാണ് ടിം പെയ്‌നും സംഘവും ജയിച്ചത്. 488 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 240 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ ടോം ബ്ലണ്ടല്‍(121) മാത്രമെ കിവീസിനായി രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയുള്ളു. സ്‌കോര്‍: ഓസീസ്-467, 168/5 decl. ന്യൂസിലന്‍ഡ്- 148, 240. 

ഓസീസിനായി പേസര്‍ പാറ്റ് കമ്മിന്‍സ് ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ സ്‌പിന്നര്‍ നഥാം ലിയോണ്‍ നാല് വിക്കറ്റും ജയിംസ് പാറ്റിന്‍സണ്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി ഓസീസിന് ലീഡ് സമ്മാനിച്ച ട്രാവിസ് ഹെഡാണ് കളിയിലെ താരം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി മൂന്നിന് സിഡ്നിയില്‍ ആരംഭിക്കും.