മങ്കാദിങ്: ബാറ്ററെ തിരിച്ചുവിളിച്ച് ബംഗ്ലാദേശ് മാന്യത, ബൗളര്‍ക്ക് ആലിംഗനം, എന്തൊരു സ്പോട്‌സ്‌മാന്‍ഷിപ്പ്!
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സ്പോര്‍ട്‌സ്‌മാന്‍ഷിപ്പിനുള്ള ഐസിസി പുരസ്‌കാരം ഇപ്പോഴേ ഉറപ്പിച്ചു? കണ്ണുകള്‍ക്ക് വിശ്വാസമാകുന്നില്ല ഈ സുന്ദര കാഴച

ധാക്ക: ഇത്ര സുന്ദരമായൊരു കാഴ്‌ച ക്രിക്കറ്റില്‍ മുമ്പുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മുമ്പ് പലതവണ വിവാദ കൊടുങ്കാറ്റ് വീശിയിട്ടുള്ള മങ്കാദിങ്ങിന് ഒടുവില്‍ മൈതാനത്ത് കണ്ടത് അത്യപൂര്‍വ കാഴ്‌ചകള്‍. ധാക്കയില്‍ ബംഗ്ലാദേശ്- ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിലാണ് വിവാദ റണ്ണൗട്ടുണ്ടായത്. ന്യൂസിലന്‍ഡ് താരം ഇഷ് സോധിയെ ബംഗ്ലാ കടുവകളുടെ ഹസന്‍ മഹ്‌മൂദ് മങ്കാദിങ്ങിലൂടെ പുറത്താക്കിയെങ്കിലും താരത്തെ തിരിച്ചുവിളിച്ചുള്ള ബംഗ്ലാദേശ് ടീമിന്‍റെ നീക്കവും പിന്നാലെ ബൗളര്‍ക്ക് സോധിയുടെ ആലിംഗനവും ഏറെ ശ്രദ്ധേയമായി.
ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ 46-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു നാടകീയ രംഗങ്ങള്‍. ഈസമയം 224-9 എന്ന നിലയിലായിരുന്നു കിവികള്‍. ഹസന്‍ മഹ്‌മൂദ് പന്തെറിയാനായി ഓടിവരവെ ക്രീസ് വിടാന്‍ ശ്രമിക്കുകയായിരുന്ന സോധിയെ അദേഹം നോണ്‍സ്ട്രൈക്ക് എന്‍ഡില്‍ റണ്ണൗട്ടാക്കി. ബംഗ്ലാ താരങ്ങളുടെ അപ്പീലിനെ തുടര്‍ന്ന് ഇത് പരിശോധിച്ച മൂന്നാം അംപയര്‍ വിക്കറ്റ് അനുവദിച്ചു. 26 പന്തില്‍ 17 റണ്‍സുമായി സോധി ഇതോടെ മടങ്ങി. എന്നാല്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങവേ പാതിവഴിയില്‍ വച്ച് ഇഷ് സോധിയെ ബംഗ്ലാദേശ് തിരിച്ചുവിളിച്ചു. ക്രിക്കറ്റ് ലോകത്തെ അത്യപൂര്‍വ കാഴ്ചയായി ഇത്. ക്രീസിലേക്ക് മടങ്ങിയെത്തിയ സോധിയെ കയ്യടിച്ചാണ് ബൗളര്‍ ഹസന്‍ മഹ്‌മൂദ് സ്വീകരിച്ചത്. നന്ദി സൂചകമായി ഹസനെ സോധി ആലിംഗനം ചെയ്തതോടെ ഗ്യാലറി ഇളകിമറിഞ്ഞു. അവിശ്വസനീയ സ്പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ് എന്ന തലക്കെട്ടില്‍ ഈ വീഡിയോ ഫാന്‍കോഡ് എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ചിട്ടുണ്ട്. കാണാം ആ അവിശ്വസനീയ കാഴ്ച.
ക്രീസില്‍ മടങ്ങിയെത്തിയ ഇഷ് സോധി 18 റണ്‍സ് കൂടെ തന്‍റെ പേരില്‍ ചേര്‍ത്ത് കിവികളെ 49.2 ഓവറില്‍ 254 റണ്‍സില്‍ എത്തിച്ചു. മാത്രമല്ല, ബൗളിംഗില്‍ 10 ഓവറില്‍ 39 റണ്‍സിന് 6 വിക്കറ്റുമായി ബംഗ്ലാദേശിനെ 41.1 ഓവറില്‍ 168 റണ്‍സില്‍ എറിഞ്ഞിട്ട് അദേഹം മത്സരത്തിലെ താരമാവുകയും ചെയ്തു. 86 റണ്‍സിന്‍റെ ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. 68 റണ്‍സെടുത്ത ടോം ബ്ലന്‍ഡലായിരുന്നു ന്യൂസിലന്‍ഡിന്‍റെ ടോപ് സ്കോറര്‍ എങ്കില്‍ 49 റണ്‍സ് നേടിയ മഹമ്മദുള്ളയാണ് ബംഗ്ലാദേശ് തകര്‍ച്ചയുടെ ആക്കം കുറച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം