സൂററ്റ്: സയ്യിദ് മുഷ്താഖ് അലി ടി20 സെമി ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനവുമായി കര്‍ണാടകയുടെ പേസര്‍ അഭിമുന്യു മിഥുന്‍. ഹരിയാനയ്‌ക്കെതിരെ ഒരു ഓവറില്‍ അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. അവസാന ഓവറിലായിരുന്നു മിഥുന്റെ അമ്പരപ്പിക്കുന്ന പ്രകടനം. ആ ഓവര്‍  എറിയാനെത്തുമ്പോള്‍ മൂന്നിന് 192 എന്ന നിലയിലായിരുന്നു ഹരിയാന. എന്നാല്‍ ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ടിന് 194 എന്ന അവസ്ഥയിലേക്ക് വീണു അവര്‍. 

ഹാട്രിക് ഉള്‍പ്പെടെയാണ് മിഥുന്റെ പ്രകടനം. 20 ഓവറിന്റെ ആദ്യ നാല് പന്തിലും താരം വിക്കറ്റ് വീഴ്ത്തി. അടുത്ത പന്ത് വൈഡ് എറിഞ്ഞു. അഞ്ചാം പന്തില്‍ ഹരിയാന താരം ജിതേഷ് സറോഹ ഒരു റണ്‍സ് നേടി. എന്നാല്‍ അവസാന പന്തിലും വിക്കറ്റ് നേടി മിഥുന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കി.

മിഥുന്റെ അഞ്ച് വിക്കറ്റ് പ്രകടനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഹരിയാന ഉയര്‍ത്തിയ 194നെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുലിന്‍റെ (31 പന്തില്‍ 66) വിക്കറ്റാണ് കര്‍ണാടകയ്ക്ക് നഷ്ടമായത്. ദേവ്ദത്ത് പടിക്കല്‍ (28 പന്തില്‍ 58), മായങ്ക് അഗര്‍വാള്‍ (1) എന്നിവരാണ് ക്രീസില്‍.