ഐപിഎല്‍ 2026 സീസണില്‍ ഒരു വിക്കറ്റ് പോലും നേടാനാകാത്തതില്‍ മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറ കടുത്ത നിരാശയിലാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ബൗളിംഗ് മാര്‍ക്കര്‍ ദേഷ്യത്തോടെ വലിച്ചെറിയുന്ന ബുംറയുടെ വീഡിയോ ആരാധകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് ഐപിഎല്‍ 2026ലെ തുടക്കം അത്ര ശുഭകരമല്ല. ഈ സീസണില്‍ ഇതുവരെ ഒരു വിക്കറ്റ് പോലും നേടാന്‍ ബുംറയ്ക്ക് സാധിച്ചിട്ടില്ല. ഇതിനിടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ബുംറ അങ്ങേയറ്റം നിരാശനായി പെരുമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ബൗളിംഗ് മാര്‍ക്കര്‍ ദേഷ്യത്തോടെ വലിച്ചെറിയുന്ന ബുംറയെ കാണാം.

ഇതിനുപിന്നാലെ ഗ്രൗണ്ടില്‍ അദ്ദേഹം ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പശ്ചാത്തലത്തില്‍ ആര്‍സിബിയുടെ ടിം ഡേവിഡിനെയും കാണാം. എപ്പോഴും പുഞ്ചിരിയോടെ മൈതാനത്ത് കാണപ്പെടാറുള്ള ബുംറയുടെ ഈ ഭാവമാറ്റം ആരാധകരെ അമ്പരപ്പിച്ചു. മുംബൈ തുടര്‍ച്ചയായ നാല് തോല്‍വികള്‍ വഴങ്ങിയതും ബുംറയുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. വീഡിയോ..

Scroll to load tweet…

ബുംറയുടെ ഫോമില്ലായ്മയെക്കുറിച്ച് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേള ജയവര്‍ധന പറഞ്ഞതിങ്ങനെ... ''പവര്‍പ്ലേ ഓവറുകളില്‍ മറ്റ് ബൗളര്‍മാര്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നില്ല. അതിനാല്‍ ബാറ്റ്സ്മാന്മാര്‍ ബുംറയുടെ ഓവറുകളില്‍ കൂടുതല്‍ റിസ്‌ക് എടുക്കാതെ കളിക്കുന്നു. ടി20 ലോകകപ്പിന് ശേഷം ബുംറയ്ക്ക് ചെറിയൊരു പരിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് തുടക്കത്തില്‍ പന്തിന്റെ വേഗത കുറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പൂര്‍ണ്ണ കായികക്ഷമത കൈവരിച്ചിട്ടുണ്ട്.'' ജയവര്‍ധന വ്യക്തമാക്കി.

കഴിഞ്ഞ മത്സരങ്ങളില്‍ ബുംറ മികച്ച പന്തുകള്‍ എറിഞ്ഞെങ്കിലും വിക്കറ്റ് ലഭിക്കാന്‍ ഭാഗ്യം കൂടെ വേണമെന്നും, ഒരിക്കല്‍ വിക്കറ്റ് വേട്ട തുടങ്ങിയാല്‍ പിന്നെ അദ്ദേഹത്തെ തടയാനാകില്ലെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ടിം ഡേവിഡ് 16 പന്തില്‍ 34 റണ്‍സെടുത്തതോടെ ബെംഗളൂരു 240 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടി ബാറ്റിംഗില്‍ മുംബൈയ്ക്ക് 222 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാന്‍ ബുംറയ്ക്കായില്ല.

തുടര്‍ച്ചയായ തോല്‍വികളില്‍ വലയുന്ന മുംബൈ ഇന്ത്യന്‍സിന് തങ്ങളുടെ കുന്തമുനയായ ബുംറ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അനിവാര്യമാണ്.

YouTube video player