റൂട്ടിന്റെ സെഞ്ചുറി മാത്രമല്ല ജോണി ബെയര്‍‌സ്റ്റോ (78), സാക് ക്രൗളി (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ എട്ടിന് 393 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ലണ്ടന്‍: ഇംഗ്ലീഷ് താരം ജോ റൂട്ടിന്റെ സെഞ്ചുറിയോടെയാണ് ആഷസ് പരമ്പരയ്ക്ക് തുടക്കമായത്. ഓസ്‌ട്രേലിയക്കെതിരെ 152 പന്തുകള്‍ നേരിട്ട റൂട്ട് 118 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്‌സ്. അടുത്തകാലത്ത് ഇംഗ്ലണ്ട് സ്വീകരിച്ചിരുന്ന ബാസ്‌ബോള്‍ ശൈലി തന്നെയാണ് ആഷസിലും തുടര്‍ന്നത്. 

റൂട്ടിന്റെ സെഞ്ചുറി മാത്രമല്ല ജോണി ബെയര്‍‌സ്റ്റോ (78), സാക് ക്രൗളി (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ എട്ടിന് 393 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. കവറിലൂടെ ഒരു തകര്‍പ്പന്‍ ബൗണ്ടറിയിലൂടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ആദ്യ പന്ത് തന്നെ ക്രൗളി ബൗണ്ടറി നേടുകയായിരുന്നു.

കമ്മിന്‍സിന്റെ ആത്മവിശ്വാസം തകര്‍ത്ത ഷോട്ട് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിനെ പോലും അമ്പരപ്പിച്ചു. അദ്ദേഹം ഡഗ്ഔട്ടില്‍ ഇരുന്ന് കയ്യടിക്കുന്ന വീഡിയോയാണ് ആഷസിലെ ആദ്യദിനം വൈറലായത്. വീഡിയോ കാണാം...

Scroll to load tweet…

അതേസമയം, ആദ്യദിനം ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 118 റണ്‍സുമായി റൂട്ട് ക്രീസില്‍ നില്‍ക്കുമ്പോഴാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുന്നത്. ഓസീസിനായി നഥാന്‍ ലിയോണ്‍ നാലും ജോഷ് ഹേസല്‍വുഡ് രണ്ടും സ്‌കോട്ട് ബോളണ്ടും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റും സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് നാലാം ഓവറിലെ നാലാം പന്തില്‍ ബെന്‍ ഡക്കെറ്റിനെ നഷ്ടമായിരുന്നു. 10 പന്തില്‍ 12 റണ്‍സ് എടുത്ത താരത്തെ ജോഷ് ഹേസല്‍വുഡ് വിക്കറ്റിന് പിന്നില്‍ അലക്സ് ക്യാരിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഇതിന് ശേഷം ഓലീ പോപ്-സാക്ക് ക്രൗളി സഖ്യം ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചതോടെ ആദ്യ 20 ഓവറുകളില്‍ സാമാന്യം റണ്ണായി. 

ആഷസ് പരമ്പര: ഐതിഹാസിക നാഴികക്കല്ലിന് അരികെ ആന്‍ഡേഴ്‌സണ്‍, ബ്രോഡ്

പോപ് 44 പന്തില്‍ 31 റണ്‍സുമായി നഥാന്‍ ലിയോണിന്റെ മുന്നില്‍ എല്‍ബിയില്‍ കുടുങ്ങിയപ്പോള്‍ പിന്നീടെത്തിയ ക്രൗളി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 73 പന്തില്‍ 61 റണ്‍സ് നേടിയ ക്രൗലി 27-ാം ഓവറില്‍ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ പുറത്താകുമ്പോള്‍ 61 റണ്‍സുണ്ടായിരുന്നു പേരില്‍. ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പുത്തന്‍ ബാറ്റിംഗ് സെന്‍സേഷന്‍ ഹാരി ബ്രൂക്ക്(37 പന്തില്‍ 32) തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും ലിയോണിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് റൂട്ട്- ബെയര്‍‌സ്റ്റോ സഖ്യം ഇംഗ്ലണ്ടിനെ കരക്കയറ്റി.