Asianet News MalayalamAsianet News Malayalam

ഇരട്ട സെഞ്ചുറിക്ക് പിന്നാലെ വികാരാധീനനായി വാര്‍ണര്‍! വിമര്‍ശകര്‍ക്കുള്ള മറുപടി ആഘോഷത്തില്‍ കാണാം- വീഡിയോ

എന്നാല്‍ മെല്‍ബണില്‍ തന്റെ 100-ാം ടെസ്റ്റ് കളിക്കാനെത്തിയ വാര്‍ണര്‍ വിമര്‍ശകരുടെ വായടപ്പിച്ചു. അതും ഇരട്ട സെഞ്ചുറിയോടെ. ഈ ടെസ്റ്റില്‍ കൂടി ഫോമായില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ് വാര്‍ണറുടെ നേട്ടം.

watch video david warner iconic celebration after double century against South Africa
Author
First Published Dec 27, 2022, 12:38 PM IST

മെല്‍ബണ്‍: അടുത്തകാലത്ത് കടുത്ത വിമര്‍ശനങ്ങളിലൂടെയാണ് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പോയികൊണ്ടിരിന്നത്. മോശം ഫോം ടെസ്റ്റ് ടീമിലെ സ്ഥാനത്തിന് ഭീഷണിയായേക്കുമെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍സി വിലക്കിനെതിരെ രൂക്ഷമായി പ്രതികരിച്ചതും വലിയ ചര്‍ച്ചയായി. താനൊരു കുറ്റവാളിയല്ലെന്നും ഒരു സംഭവത്തിന്റെ പേരില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നത് കടുത്ത നടപടിയാണെന്നും വാര്‍ണര്‍ പറഞ്ഞിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. മാത്രമല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും വാര്‍ണര്‍ പരാജയപ്പെട്ടിരുന്നു. 

എന്നാല്‍ മെല്‍ബണില്‍ തന്റെ 100-ാം ടെസ്റ്റ് കളിക്കാനെത്തിയ വാര്‍ണര്‍ വിമര്‍ശകരുടെ വായടപ്പിച്ചു. അതും ഇരട്ട സെഞ്ചുറിയോടെ. ഈ ടെസ്റ്റില്‍ കൂടി ഫോമായില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ് വാര്‍ണറുടെ നേട്ടം. ഇരട്ട സെഞ്ചുറി നേടിയശേഷമുള്ള ആദ്ദേഹത്തിന്റെ ആഘോത്തില്‍ എല്ലാമുണ്ടായിരുന്നു. മെല്‍ബണിലെ കടുത്ത ചൂടിനേയും ഇടയ്ക്കിടെയേറ്റ പരിക്കും വകവയ്ക്കാതെയാണ് വാര്‍ണറുടെ നേട്ടം. രണ്ട് തവണ അദ്ദേഹം ഫിസിയോയുടെ സഹായം തേടുകയും ചെയ്തു. 

ഇരട്ട സെഞ്ചുറിക്ക് ശേഷം വായുവില്‍ ഉയര്‍ന്നുചാടിയാണ് വാര്‍ണര്‍ ആഘോഷിച്ചത്. അതില്‍ കാണാമായിരുന്നു അദ്ദേഹം എത്രത്തോളം വേദന അനുഭവിക്കുന്നുണ്ടെന്ന്. മാത്രമല്ല, താരം വീകാരാധീനനായും കാണപ്പെട്ടു. എന്നെന്നും ഓര്‍ക്കാനുള്ള നിമിഷങ്ങളാണ് വാര്‍ണര്‍ മെല്‍ബണില്‍ സമ്മാനിച്ചത്. ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ വാര്‍ണര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും ചെയ്തു. ഫിസിയോയയുടെ സഹായത്തോടെയാണ് വാര്‍ണര്‍ ഗ്രൗണ്ടിന് പുറത്തേക്ക് പോയത്. വാര്‍ണറുടെ ഇരട്ട സെഞ്ചുറി ആഘോഷം കാണാം.

ഇതിനിടെ ചില റെക്കോര്‍ഡുകളും ഇടങ്കയ്യന്‍ ബാറ്ററെ തേടിയെത്തി. 100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ മാത്രം ബാറ്റസ്മാനാണ് വാര്‍ണര്‍. ആദ്യത്തെ ഓസ്‌ട്രേലിയന്‍ താരവും. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ആദ്യത്തേത്.  കഴിഞ്ഞ വര്‍ഷം 218 റണ്‍സാണ് റൂട്ട് നേടിയത്. നേരത്തെ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ എലൈറ്റ് പട്ടികയിലും വാര്‍ണര്‍ ഇടം പിടിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 100-ാം ടെസ്റ്റില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പത്താമത്തെ താരമായിരിന്നു വാര്‍ണര്‍.

ഇപ്പോള്‍ സജീവമായ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ സെഞ്ചുറിനേടുന്ന താരങ്ങളില്‍ രണ്ടാമതെത്താനും വാര്‍ണര്‍ക്കായി. ഇക്കാര്യത്തില്‍ 72 സെഞ്ചുറിയുമായി ഇന്ത്യന്‍ താരം വിരാട് കോലിയാണ് മുന്നില്‍. വാര്‍ണര്‍ക്ക് 45 സെഞ്ചുറിയായി. 44 സെഞ്ചുറി നേടിയ റൂട്ടിനെയാണ് വാര്‍ണര്‍ മറികടന്നത്. ഓസ്‌ട്രേിയയുടെ സ്റ്റീവന്‍ സ്മിത്ത് (41), ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (41) എന്നിവരും പിന്നിലുണ്ട്. 

ഓസ്‌ട്രേലിയക്ക് വേണ്ടി 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന എട്ടാമത്തെ താരം കൂടിയാണ് വാര്‍ണര്‍. ഓസ്‌ട്രേലിയന്‍ മണ്ണില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഓസീസ് താരമെന്ന നേട്ടവും വാര്‍ണറെ തേടിയെത്തി.

Follow Us:
Download App:
  • android
  • ios