മിര്‍ ഹംസയുടെ പന്തില്‍ പുറത്തായ ശേഷം തിരിച്ചുകയറുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കയറുന്നതിനിടെ തന്റെ ഗ്ലൗസ് വാര്‍ണര്‍ മത്സരം കാണാനെത്തിയ കുഞ്ഞു ആരാധകര്‍ക്ക് നല്‍കിയിരുന്നു.
മെല്‍ബണ്‍: തന്റെ കരിയറിലെ അവസാന ടെസ്റ്റ് പരമ്പര കളിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. മെല്‍ബണില്‍ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് റണ്‍സിനാണ് താരം പുറത്തായത്. മെല്‍ബണില്‍ തന്റെ അവസാന ഇന്നംഗ്‌സ് ആയതുകൊണ്ടുതന്നെ ആരാധകരോട് വിടപറഞ്ഞാണ് താരം പവലിയനിലേക്ക് മടങ്ങിയത്. ആരാധകരാവട്ടെ വാര്‍ണര്‍ക്ക് വേണ്ടി എഴുന്നേറ്റ് നിന്ന് കയ്യടിക്കാനു മറന്നില്ല.
മിര്‍ ഹംസയുടെ പന്തില്‍ പുറത്തായ ശേഷം തിരിച്ചുകയറുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കയറുന്നതിനിടെ തന്റെ ഗ്ലൗസ് വാര്‍ണര്‍ മത്സരം കാണാനെത്തിയ കുഞ്ഞു ആരാധകര്‍ക്ക് നല്‍കിയിരുന്നു. ഇതുതന്നെയാണ് ആരാധകര്‍ ആഘോഷിക്കുന്നത്. തന്റെ രണ്ട് ഗ്ലൗവും വാര്‍ണര്‍ ആരാധകന് നല്‍കുകയായിരുന്നു. വീഡിയോ കാണാം...
അതേസമയം, രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നുണ്ട് ഓസ്്‌ട്രേലിയ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 127 റണ്‍സെടുത്തിട്ടുണ്ട് അവര്‍. ഒരു ഘട്ടത്തില്‍ നാലിന് 16 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടിരുന്നു ടീം. ഇപ്പോള്‍ 181 റണ്‍സിന്റെ ലീഡായി ആതിഥേയര്‍ക്ക്. സ്റ്റീവന്‍ സ്മിത്ത് (33), മിച്ചല്‍ മാര്‍ഷ് (70) എന്നിവരാണ് ക്രീസില്‍. ഒന്നാം ഇന്നിംഗ്‌സില്‍ 54 റണ്‍സിന്റെ ലീഡാണ് ഓസീസ് നേടിയത്. ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
മൂന്നാം ദിനമായ ഇന്ന് ഉസ്മാന്‍ ഖവാജയുടെ (0) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. അഫ്രീദിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന് ക്യാച്ച്. ലബുഷെയ്‌നും (4) അഫ്രീദിയുടെ പന്തില്‍ ഇതേ രീതിയില്‍ പുറത്തായി. എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. ഇടങ്കയ്യന്മാാരായ ഡേവിഡ് വാര്‍ണര്‍ (6), ട്രാവിസ് ഹെഡ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ മിര്‍ ഹംസ ബൗള്‍ഡാക്കി. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 318നെതിരെ പാകിസ്ഥാന്‍ 264ന് എല്ലാവരും പുറത്തായിരുന്നു.
ആറിന് 194 എന്ന നിലയില്‍ ഇന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച പാകിസ്ഥാനെ റിസ്‌വാന്‍ (42), ആമേര്‍ ജമാല്‍ (33) എന്നിവരുടെ ഇന്നിംഗ്‌സാണ് 250 കടത്തിയത്. റിസ്‌വാന്‍ ആദ്യം പുറത്തായി. പിന്നീടെത്തിയ ഷഹീന്‍ അഫ്രീദി (21) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഹസന്‍ അലി (2), മിര്‍ ഹംസ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കമ്മിന്‍സിന് അഞ്ച് വിക്കറ്റുണ്ട്. നതാന്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി.
