ലണ്ടന്‍: ടി20 ക്രിക്കറ്റില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് എബി ഡിവില്ലിയേഴ്‌സ്. ഇംഗ്ലണ്ടില്‍ ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ മിഡില്‍സക്‌സിന് വേണ്ടിയായിരുന്നു മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. എസക്‌സിനെതിരായ മത്സരത്തില്‍ 43 പന്ത് നേരിട്ട ഡിവില്ലിയേവ്‌സ് പുറത്താവാതെ 88 റണ്‍സ് അടിച്ചെടുത്തു. ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ മിഡില്‍സക്‌സ് ഏഴ് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. 

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന എസക്‌സ്, റയാന്‍ ടെന്‍ ഡോഷറ്റിന്റെ ബാറ്റിംഗ് മികവില്‍ ആറിന് 164 റണ്‍സെടുത്തു. എന്നാല്‍ ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ് മിഡില്‍സക്‌സിന് 17 ഓവറില്‍ വിജയം സമ്മാനിച്ചു. ആറ് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. 

ഐപിഎല്ലിന് ശേഷം ആദ്യമായിട്ടാണ് ഡിവില്ലിയേഴ്‌സ് പാഡ് കെട്ടുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ടീമിലേക്ക് തിരികെ വരാന്‍ തയ്യാറിയിട്ടും സെലക്റ്റര്‍മാര്‍ തഴഞ്ഞുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.