ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടാന്‍ അരമണിക്കൂര്‍ ഉള്ളപ്പോള്‍ എത്തിയ ഡികെ, മാസ്‌ക് ധരിച്ച് മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ മാറി നില്‍ക്കുകയായിരുന്നു. ആരാധകര്‍ക്കൊപ്പം സെല്‍ഫിക്കും മടിച്ചു. എന്നാല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാകട്ടേ, ഡികെ ആരാധകരെ നിരാശരാക്കിയില്ല.

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാര്യവട്ടം ട്വന്റി 20ക്കായി തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോള്‍, ശ്രദ്ധേയമായത് വിക്കറ്റ് കീപ്പറും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്കിന്റെ അസാന്നിധ്യമായിരുന്നു. ഡികെ ഇല്ലെങ്കില്‍, സഞ്ജു സാംസണിന് അവസരം കിട്ടുമോയെന്നൊക്കെ ആയി ചര്‍ച്ചകള്‍. എന്നാല്‍ മറ്റ് താരങ്ങള്‍ക്കൊപ്പം വൈകീട്ട് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്താതിരുന്ന കാര്‍ത്തിക്ക് രാത്രി ഒന്‍പതരയോടെ തനിച്ച് തിരുവനന്തപുരത്ത് ഇറങ്ങി.

ഹൈദരാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ഡികെ കേരളത്തിലെത്തിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് താരം വൈകിയത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടാന്‍ അരമണിക്കൂര്‍ ഉള്ളപ്പോള്‍ എത്തിയ ഡികെ, മാസ്‌ക് ധരിച്ച് മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ മാറി നില്‍ക്കുകയായിരുന്നു. ആരാധകര്‍ക്കൊപ്പം സെല്‍ഫിക്കും മടിച്ചു. എന്നാല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാകട്ടേ, ഡികെ ആരാധകരെ നിരാശരാക്കിയില്ല. ഡികെയെ സ്വീകരിക്കാന്‍ കെസിഎ പ്രതിനിധികള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വീഡിയോ കാണാം...

രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ന് വൈകിട്ടാണ് തിരുവനന്തപുരത്തെത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങി. ബുധനാഴ്ച്ചയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാാണ് ഗ്രീന്‍ഫീല്‍ഡ് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. 

തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. നാളെ വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ടീം ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിറങ്ങും. മുഴുവന്‍ സമയവും വിശ്രമത്തിലായിരുന്നു ഇന്നലെ പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം. യാത്രാക്ഷീണം കാരണം ഇന്നലത്തെ പരിശീലനം ഒഴിവാക്കിയ ടീം ഇന്ന് പരിശീലനത്തിനിറങ്ങി.