വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവലിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാന്‍ ഒരവസരമുണ്ടായിരുന്നു. എന്നാല്‍ കൃത്യസമയത്ത് ബെയ്ല്‍സ് ഇളക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രം.
ജോര്‍ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടി20യിലും മോശം പ്രകടനമായിരുന്നു ഇഷാന്‍ കിന്റേത്. ആദ്യ മത്സരത്തില്‍ ആറ് റണ്‍സിന് പുറത്തായ താരം ഇന്നലെ രണ്ടാം ടി20യില്‍ 27 റണ്‍സാണ് നേടിയത്. എന്നാല്‍ സ്ലോ ബാറ്റിംഗായിരുന്നു താരത്തിന്റേത് 23 പന്തുകള്‍ നേരിട്ട കിഷന്‍ രണ്ട് വീതം സിക്‌സും ഫോറും നേടിയിരുന്നു. പിന്നീട് വിക്കറ്റ് കീപ്പിംഗിനിടയിലും കിഷന്‍ ഒരബദ്ധം സംഭവിച്ചു.
വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവലിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാന്‍ ഒരവസരമുണ്ടായിരുന്നു. എന്നാല്‍ കൃത്യസമയത്ത് ബെയ്ല്‍സ് ഇളക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രം. ഏഴാം ഓവറില്‍ യൂസ്‌വേന്ദ്ര ചാഹലിന്റെ പന്ത് പിച്ച് ചെയ്ത് ലെഗ് സ്റ്റംപിന് പുറത്തേക്ക്. പന്ത് കയ്യിലൊതുക്കിയ ഇഷാന്‍, പവല്‍ ബാക്ക്ഫൂട്ട് പൊക്കാന്‍ സെക്കന്‍ഡുകള്‍ കാത്തിരുന്നു. എന്നാല്‍ പവല്‍ വിട്ടുകൊടുത്തില്ല. പിന്നീട് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പവല്‍ ബാക്ക്ഫൂട്ട് ഉയര്‍ത്തി ക്രീസില്‍ തന്നെ കുത്തി. ഇതിനിടെയാണ് കിഷന്‍ സ്റ്റംപ് ചെയ്തത്. അപ്പോഴേക്കും പവലിന്റെ കാല് ക്രീസിലുറച്ചിരുന്നു. വീഡിയോ കാണാം...
ധോണിയെ അനുകരിക്കാന്‍ നോക്കി ചീറ്റിപ്പോയ ശ്രമം മാത്രമാണ് കിഷന്റേതെന്ന് ട്വിറ്ററില്‍ ആരാധകര്‍ പറയുന്നു. 2016 ടി20 ലോകകപ്പില്‍ ധോണി ബംഗ്ലാദേശ് താരം സാബിര്‍ റഹ്മാനെ ഇത്തരത്തില്‍ സ്റ്റംപ് ചെയ്ത് പുറത്താക്കിയിരുന്നു. എന്നാല്‍ ഇത്രനേരം ധോണിക്ക് കാത്തിരിക്കേണ്ടി വന്നില്ല. മിന്നില്‍ സ്റ്റംപിങ്ങായിരുന്നു. എന്നാല്‍ ഇഷാന്‍ ചെയ്തത്, ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
ജോര്‍ജ്ടൗണ്‍, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 2-0ത്തിന് മുന്നിലെത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
