സതാംപ്ടണ്‍: അടുത്തകാലത്തായി ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പ്രകടനമായിരുന്നു ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടേത്. പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താവുമെന്ന നിലയിലെത്തി കാര്യങ്ങള്‍. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബട്‌ലര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. രണ്ടാം ടെസ്റ്റ് മഴ കാരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 13 പന്ത് നേരിട്ട ബട്‌ലര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു.

മൂന്നാം ടെസ്റ്റില്‍ മിന്നുന്ന പ്രകടനവുമായി ഇംഗ്ലണ്ടിന്റെ നെടുതൂണായി. ഇരട്ട സെഞ്ചുറി നേടിയ സാക്ക് ക്രോളിക്ക് മികച്ച പിന്തുണ നല്‍കിയ ബട്‌ലര്‍ 152 റണ്‍സ് നേടി. തന്റെ മോശം കാലഘട്ടം കഴിഞ്ഞുവെന്ന് തെളിയിക്കുന്നതായിരുന്നു ബട്‌ലറുടെ പ്രകടനം. ഇപ്പോഴിത വിക്കറ്റിന് പിന്നിലും തകര്‍പ്പന്‍ ക്യാച്ചുമായി ബട്‌ലര്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിനെ പുറത്താക്കാനെടുത്ത ക്യാച്ച് വൈറലായിരിക്കുകയാണ്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തിലായിരുന്നു ക്യാച്ച്. ഇടങ്കയ്യനായ അഫ്രീദി ബ്രോഡിന്റെ ബൗണ്‍സര്‍ ലെഗ് സൈഡിലേക്ക് ഗ്ലാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഗ്ലൗസിലുരുമി ബൗണ്ടറിയിലേക്ക് പായുകയായിരുന്ന പന്ത് ബട്‌ലര്‍ കയ്യിലൊതുക്കി. സതാംപ്ടണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ മനോഹരമായ കാഴ്ച്ചയായിരുന്നത്. വീഡിയോ കാണാം...