സൂപ്പര്‍ ഓവറില്‍ ആമിറിന് പാടേ പിഴച്ചു. യുഎസ് 11 റണ്‍സ് മാത്രമാണ് അടിച്ച് നേടിയത്. ബാക്കി ഏഴ് റണ്‍സ് പാകിസ്ഥാന്‍ താരങ്ങളുടെ സംഭാവനയായിരുന്നു.
ഡെല്ലാസ്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഓവറാണ് യുഎസിന് ജയമൊരുക്കിയത്. നിശ്ചിത സമയത്തെ കളിയില്‍ ഇരുടീമുകളും നേടിയത് 159 റണ്‍സായിരുന്നു. പിന്നാലെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. പാക് പേസര്‍ മുഹമ്മദ് ആമിറിന്റെ ഓവറില്‍ 18 റണ്‍സാണ് യുഎസ് സ്വന്തമാക്കിയത്. മറുപടിയായി യുഎസിന് വേണ്ടി പന്തെറിഞ്ഞത് സൗരഭ് നേത്രവല്‍ക്കര്‍. 19 റണ്‍സ് വിജയലക്ഷ്യം പ്രതിരോധിക്കാന്‍ സൗരഭിന് സാധിച്ചു.
സൂപ്പര്‍ ഓവറില്‍ ആമിറിന് പാടേ പിഴച്ചു. യുഎസ് 11 റണ്‍സ് മാത്രമാണ് അടിച്ച് നേടിയത്. ബാക്കി ഏഴ് റണ്‍സ് പാകിസ്ഥാന്‍ താരങ്ങളുടെ സംഭാവനയായിരുന്നു. ഓവറില്‍ മൂന്ന് വൈഡുകള്‍ ആമിര്‍ എറിഞ്ഞു. ഈ പന്തുകളിലെല്ലാം യുഎസ് താരങ്ങളായ ആരോണ്‍ ജോണ്‍സും ഹര്‍മീത് സിംഗും റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. മോശം ഫീല്‍ഡിംഗും പാകിസ്ഥാന് വിനയായി. മത്സത്തിലെ സൂപ്പര്‍ ഓവറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആ വീഡിയോ കാണാം...
മത്സരത്തിന് ശേഷം പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം സഹതാരങ്ങളെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും താരങ്ങള്‍ ഉത്തരവാദിത്തം കാണിച്ചില്ലെന്ന് ബാബര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍. ''പവര്‍ പ്ലേ ഞങ്ങള്‍ക്ക് മുതലാക്കാനായില്ല.. ഇടയ്ക്കിടെ വിക്കറ്റുകള്‍ നഷ്ടമാകുന്ന ടീമിനെ പലപ്പോഴായി പ്രതിരോധത്തിലാക്കി. ഒരു ബാറ്റര്‍ എന്ന നിലയില്‍ താരങ്ങള്‍ ഉത്തരവാദിത്തം കാണിക്കുകയും കൂട്ടുകെട്ടുകള്‍ വേണം. പന്തെറിഞ്ഞപ്പോഴും ആദ്യ ആറ് ഓവറുകളില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.'' പാക് ക്യാപ്റ്റന്‍ പറഞ്ഞു.
മധ്യ ഓവറുകളിലെ മങ്ങിയ ഫോമും വിനയായെന്ന് ബാബര്‍ പറഞ്ഞു. ''മധ്യ ഓവറുകളില്‍ ഞങ്ങളുടെ സ്പിന്നര്‍മാര്‍ വിക്ക് വീഴ്ത്തുന്നതിലും പിന്നിലായി. അതുകൊണ്ടുതന്നെ മത്സത്തില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചില്ല. എല്ലാ ക്രെഡിറ്റും യുഎസിനുള്ളതാണ്. മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളിലും അവര്‍ ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. പിച്ചില്‍ ഈര്‍പ്പമുണ്ടായിരുന്നു. പിച്ച് അതിന്റെ രണ്ട് സ്വഭാവം കാണിച്ചു.'' ബാബര്‍ മത്സരശേഷം വ്യക്തമാക്കി.

