ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെ മൂന്നാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മുഹമ്മദ് ഷമി. അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവര്‍ എറിയാനെത്തിയ ഷമി ആദ്യ പന്തില്‍ സിക്‌സും രണ്ടാം പന്തില്‍ ഒരു റണ്‍സും വഴങ്ങിയെങ്കിലും പിന്നീടുള്ള നാല് പന്തില്‍ രണ്ട് റണ്‍സാണ് വിട്ടുകൊടുത്തത്. ഇതിനിടെ കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവരെ തിരിച്ചയക്കുകയും ചെയ്തു. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍ മാത്രം വേണ്ടിനില്‍ക്കെ ടെയ്‌ലറെ പുറത്താക്കി മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടുകയായിരുന്നു. ഇതോടെ ഷമിക്ക് ഹീറോ പരിവേഷവും വന്നു.

മത്സരം ശേഷം ഒരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഷമിക്കൊപ്പം ടീമിലുള്ള മലയാളിതാരം സഞ്ജു സാംസണ്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് താരം വീഡിയോ പങ്കുവച്ചത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ ഷമ്മി എന്ന കഥാപാത്രം പറയുന്ന സംഭാഷണം ഷമിയെകൊണ്ട് പറയിപ്പിച്ചിരിക്കുകയാണ് സഞ്ജു. 

ടേബിള്‍ ടെന്നീസ് കളിച്ചുകൊണ്ടിരിക്കെ ഷമി ഒരു ഷോട്ട് പായിച്ച ശേഷമാണ് ഈ വാചകം പറയുന്നത്. സിനിമയില്‍ പറയുന്നത് പോലെ ഷമി ഹീറോയാടാ ഹീറോ..! എന്നാണ് ഇന്ത്യന്‍ പേസര്‍ പറയുന്നത്. ശേഷം സഞ്ജുവിനെ കെട്ടിപ്പിടിച്ച് ചിരിക്കുന്നുമുണ്ട്. രസകരമായി വീഡിയോ കാണാം...