ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആര്‍സിബിയുടെ വിജയത്തിന് ശേഷം, മുഹമ്മദ് സിറാജ് വിരാട് കോലിയെ കെട്ടിപ്പിടിക്കുന്ന വൈകാരിക നിമിഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ബെംഗളൂരു: 2026 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആര്‍സിബിയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ, വിരാട് കോലിയും മുഹമ്മദ് സിറാജും തമ്മിലുള്ള വൈകാരികമായ നിമിഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം സിറാജ് പുറകിലൂടെ വന്ന് കോലിയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ ആരാധകരുടെ കണ്ണ് നിറയിക്കുന്നതായിരുന്നു. മത്സരം അവസാനിച്ച ഉടന്‍ കോലിയുടെ അടുത്തേക്ക് നടന്നുവന്ന സിറാജ്, അദ്ദേഹത്തെ പുറകിലൂടെ കെട്ടിപ്പിടിക്കുകയായിരുന്നു.

തിരിഞ്ഞുനോക്കിയ കോലി പുഞ്ചിരിയോടെ സിറാജിനെ തിരികെ ആലിംഗനം ചെയ്തു. വര്‍ഷങ്ങളോളം ഒരേ ടീമില്‍ ഒരുമിച്ച് കളിച്ച ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ തെളിവായിരുന്നു ആ നിമിഷം. 2025 സീസണിന് മുന്നോടിയായാണ് സിറാജ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിട്ട് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് മാറിയത്. ഇന്ത്യയിലെ മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി സിറാജിനെ വളര്‍ത്തിയെടുത്തതില്‍ ആര്‍സിബിക്കും ചിന്നസ്വാമിയിലെ കാണികള്‍ക്കും വലിയ പങ്കുണ്ട്.

Scroll to load tweet…

ബെംഗളൂരു ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്ന സിറാജ് നിലവില്‍ ആശിഷ് നെഹ്റയുടെ പരിശീലനത്തിന് കീഴില്‍ പ്രസിദ്ധ് കൃഷ്ണ, കാഗിസോ റബാഡ എന്നിവര്‍ക്കൊപ്പം ഗുജറാത്ത് ടീമിന്റെ മുന്‍നിര ബൗളറാണ്. എങ്കിലും പഴയ ടീമിനെതിരായ പോരാട്ടം എന്നും തനിക്ക് സ്‌പെഷ്യലാണെന്ന് സിറാജ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആധികാരികമായ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സ് എന്ന വിജയലക്ഷ്യം ആര്‍സിബി അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കെ മറികടന്നു.

44 പന്തില്‍ 81 റണ്‍സെടുത്ത കോലിയാണ് ആര്‍സിബിയുടെ വിജയശില്‍പി. 27 പന്തില്‍ 55 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 115 റണ്‍സാണ് കോലി കൂട്ടിച്ചേര്‍ത്തത്. ഇടയ്ക്ക് ചില വിക്കറ്റുകള്‍ വീണെങ്കിലും ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ ആര്‍സിബി ലക്ഷ്യത്തിലെത്തി.

YouTube video player