മുജീബ് റഹ്‌മാന്‍ വിട്ടുകളഞ്ഞ അവസരമാണ് അഫ്ഗാന് എല്ലാം നഷ്ടമാക്കിയത്! കൈവിട്ടത് സെമി ഫൈനല്‍ സ്‌പോട്ട് - വീഡിയോ
ഇതിനിടെ നാല് തവണ മാക്‌സി പുറത്താവലില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ട് ക്യാച്ച് അഫ്ഗാന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിടുകയായിരുന്നു. മുജീബ് ഉര്‍ റഹ്‌മാന്‍ കളഞ്ഞ അവസരമാണ് മത്സരത്തില്‍ നിര്‍ണായകമായത്.

മുംബൈ: ഏഴിന് 91 എന്ന ദയനീയ അവസ്ഥയില്‍ നിന്നാണ് ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെതിരെ അവിശ്വസനീയ ജയം സ്വന്തമാക്കിയത്. ഇന്നോളം ഏകദിന ക്രിക്കറ്റ് കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു ഓസീസിന്റെ ഹീറോ. ഓടാന്‍ പോലും കഴിയാത്ത വിധം മാക്‌സിയെ പേശീവലിവ് പിടികൂടിയിരുന്നു. ഇടയ്ക്ക് ഫിസിയോ ഗ്രൗണ്ടിലെത്തി പരിശോധിക്കുകയും ചെയ്തു. വേണ്ട വിധത്തില്‍ പാദചലനങ്ങള്‍ പോലുമില്ലാതെയാണ് മാക്‌വെല്‍ ബാറ്റ് വീശിയയത്. എന്നിട്ടും താരം നേടിയത് 128 പന്തില്‍ 201 റണ്‍സ്. പത്ത് സിക്‌സും 21 ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാക്‌സിയുടെ ഇന്നിംഗ്‌സ്.
ഇതിനിടെ നാല് തവണ മാക്‌സി പുറത്താവലില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ട് ക്യാച്ച് അഫ്ഗാന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിടുകയായിരുന്നു. മുജീബ് ഉര്‍ റഹ്‌മാന്‍ കളഞ്ഞ അവസരമാണ് മത്സരത്തില്‍ നിര്‍ണായകമായത്. അനയാസ അവസരമായിരുന്നു അത്. പിന്നീട് മാക്‌സ്‌വെല്ലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നൂര്‍ അഹമ്മദ് എറിഞ്ഞ 22-ാം ഓവറിന്റെ അവസാന അഞ്ചാം പന്തില്‍ മാക്‌സി സ്വീപ്പിന് ശ്രമിച്ചു. എന്നാല്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മുജീബിന്റെ കൈകളിലേക്കാണ് പന്ത് പോയത്. അനയാസ അവസരം അഫ്ഗാന്‍ സ്പിന്നര്‍ക്ക് കയ്യിലൊതുക്കാനായില്ല. വീഡിയോ...
അതേ ഓവറില്‍ ഒരു എല്‍ബിഡബ്ല്യൂയില്‍ നിന്നും താരം രക്ഷപ്പെട്ടിരുന്നു. മാക്‌സിക്കെതിരെ അംപയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ റിവ്യൂയില്‍ വിക്കറ്റിന് മുകളിലൂടെയാണ് പന്ത് പോകുന്നതെന്ന് മനസിലായി. ഇതോടെ താരം ക്രീസില്‍ തുടര്‍ന്നു. അതിന് തൊട്ടുമുമ്പുള്ള റാഷിദ് ഖാന്റെ ഓവറില്‍ ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദിയും മാക്‌സിയെ വിട്ടുകളഞ്ഞു. എന്നാല്‍ അതല്‍പ്പം ബുദ്ധിമുട്ടുള്ള ക്യാച്ചായിരുന്നു. മാത്രമല്ല, ക്യാച്ചിന് വേണ്ടി ആദ്യം റാഷിദ് ആദ്യം ശ്രമിച്ചപ്പോള്‍ ഷഹീദി കുറച്ച് വൈകിയാണ് പ്രതികരിച്ചത്. മത്സരത്തില്‍ മാക്‌സ്‌വെല്‍ നേരിട്ട ആദ്യ പന്തില്‍ നിന്ന് കഷ്ടിച്ചാണ് താരം രക്ഷപ്പെട്ടിരുന്നത്.
മൂന്ന് വിക്കറ്റിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പ് സെമി ഫൈനലില്‍ കടക്കാനും ഓസീസിനായി. ജയിച്ചിരുന്നെങ്കില്‍ അഫ്ഗാന് പാകിസ്ഥാനേയും ന്യൂസിലന്‍ഡിനേയും മറികടന്ന് ആദ്യ നാലിലെത്താമായിരുന്നു.