നിതീഷിന്റെ സെഞ്ചുറിക്കൊപ്പം മുത്യാല റെഡ്ഡിയേയും ക്രിക്കറ്റ് ലോകം ഏറ്റെടുത്തു.

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ അച്ഛനെ സാക്ഷി നിര്‍ത്തിയാണ് നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ചുറി നേടുന്നത്. 21കാരന്‍ സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍, മുത്യാല റെഡ്ഡിക്ക് കണ്ണീരടക്കാനായില്ല. സ്വന്തം സ്വപ്നങ്ങളും കരിയറുമെല്ലാം മകനുവേണ്ടി മാറ്റിവെച്ച അച്ഛന് ഇതിലും മികച്ച ബോക്‌സിംഗ് ഡേ സമ്മാനം നിതീഷിന് നല്‍കാന്‍ ആകുമായിരുന്നില്ല. 2016ല്‍ 13കാരനായ നിതീഷിന്റെ ക്രിക്കറ്റ് കരിയറിനുവേണ്ടി 25 വര്‍ഷത്തെ സര്‍വീസ് ബാക്കിയിരിക്കെ ഹിന്ദുസ്ഥാന്‍ സിങ്കിലെ ജോലി പോലും ഉപേക്ഷിച്ചിരുന്നു മുത്യാല റെഡ്ഡി. അദ്ദേഹം കണ്ട സ്വപ്നം ഒടുവില്‍ മെല്‍ബണില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

നിതീഷിന്റെ സെഞ്ചുറിക്കൊപ്പം മുത്യാല റെഡ്ഡിയേയും ക്രിക്കറ്റ് ലോകം ഏറ്റെടുത്തു. മൂന്നാം ദിവസം സ്റ്റംപെടുത്ത ശേഷം അദ്ദേഹം വിരാട് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളെ നേരിട്ട് കണ്ടിരുന്നു. ഇതില്‍ മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കറുമുണ്ടായിരുന്നു. അദ്ദേഹവുമൊത്തുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മുത്യാല റെഡ്ഡി ഗവാസ്‌ക്കറുടെ കാല്‍ക്കല്‍ തൊട്ട് വന്ദിക്കുന്നതാണ് വീഡിയോയില്‍. കാണാം വീഡിയോ... 

Scroll to load tweet…

വന്ന വഴി കഠിനം

ചെറുപ്പത്തില്‍ ക്രിക്കറ്റ് പരിശീലനത്തെ അത്ര ഗൗരവത്തിലെടുത്തിരുന്നില്ലെന്ന് നിതീഷ് തന്നെ പറയുന്നു. നേരംപോക്കിനുവേണ്ടി മാത്രമായിരുന്നു കളിച്ചിരുന്നത്. എന്നാല്‍ മകന്റെ കരിയറിനുവേണ്ടി ജോലി പോലും വേണ്ടെന്നുവെച്ച പിതാവ് സാമ്പത്തിക പ്രതിസന്ധി കാരണം ഒരിക്കല്‍ കരയുന്നത് കണ്ടപ്പോഴാണ് എനിക്ക് തിരിച്ചറിവുണ്ടായത്. എനിക്ക് വേണ്ടി ഇത്രയും ത്യാഗങ്ങള്‍ സഹിക്കുന്ന പിതാവിനെ ഇനി കരയിക്കില്ലെന്ന് ഞാനുറപ്പിച്ചു. ജോലി ഉപേക്ഷിച്ച് മകന്റെ കൂടെ കളിച്ചുനടക്കുന്ന മുത്യാല റെഡ്ഡിയുടെ ഭ്രാന്തിനെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്തപ്പോഴും ആ അച്ഛന്‍ മകന്റെ സ്വപ്നങ്ങള്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ചുനിന്നു.

അമ്മ മാനസയുടെ പിന്തുണയും നിതീഷിന്റെ കരിയറിനെ രൂപപ്പെടുത്തുന്നതില്‍ മുത്യാലക്ക് സഹായകരമായി. ക്രിക്കറ്റിനെ ഗൗരവമായി കണ്ട് കഠിനപരിശീലനം തുടങ്ങിയ നിതീഷിനെയുകൊണ്ട് പുലര്‍ച്ചെ മുതല്‍ വൈകിട്ടുവരെ പരീശിലനത്തിന് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും പരിശീലനം തീരുവോളം കാവല്‍ നില്‍ക്കുന്നതുമെല്ലാം മുത്യാലലയായിരുന്നു. കുര്‍നൂലിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ താരമായി വളര്‍ന്ന നിതീഷ് പിന്നീട് ഐപിഎല്ലില്‍ ഹൈദരാബാദ് കുപ്പായത്തിലേക്കും ഇന്ത്യയുടെ ടി20 കുപ്പായത്തിലും എത്തി.