ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 33 റണ്‍സിന്റെ ലീഡ് നേടി, രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടിന് 12 എന്ന നിലയില്‍.

ഗ്രനഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ 33 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിരുന്ന ഓസ്‌ട്രേലിയ. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 286നെതിരെ വിന്‍ഡീസ് 253ന് എല്ലാവരും പുറത്താവുകയായിരുന്നു. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 12 എന്ന നിലയിലാണ് ഓസീസ്. ഒന്നാകെ 45 റണ്‍സിന്റെ ലീഡുണ്ട് അവര്‍ക്ക്. കാമറൂണ്‍ ഗ്രീന്‍ (6), നതാന്‍ ലിയോണ്‍ (2) എന്നിവര്‍ ക്രീസിലുണ്ട്.

മൂന്ന് വിക്കറ്റ് നേടിയ നതാന്‍ ലിയോണ്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ഒന്നാം ഇന്നിംഗ്‌സില്‍ വിന്‍ഡീസിന്റെ മുനയൊടിച്ചത്. 75 റണ്‍സ് നേടിയ ബ്രന്‍ഡന്‍ കിംഗാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. കമ്മിന്‍സ് നേടിയ രണ്ട് വിക്കറ്റുകളില്‍ ഒന്ന് റിട്ടേണ്‍ ക്യാച്ചായിരുന്നു. അതും ഒരു തകര്‍പ്പന്‍ എഫേര്‍ട്ട്. കീസി കാര്‍ട്ടിയെ (6) പുറത്താക്കാനെടുത്ത ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ക്യാച്ചെടുക്കാന്‍ പിച്ച് കവച്ചുവച്ച് മുന്നോട്ട് ഓടിയ കമ്മിന്‍സ് ഒറ്റക്കൈ കൊണ്ട് പന്ത് കയ്യിലൊതുക്കി. വീഡിയോ കാണാം...

Scroll to load tweet…

രണ്ടാം ഇന്നിംഗ്‌സില്‍ സാം കോണ്‍സ്റ്റാസിന്റെ (0) വിക്കറ്റാണ് ഓസീസിന് ഇന്ന് ആദ്യം നഷ്ടമായത്. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ പിന്നാലെ മടങ്ങി. സീല്‍സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഖവാജ. പിന്നീട് ഗ്രീന്‍ - ലിയോണ്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. നേരത്തെ, വിന്‍ഡീസ് രണ്ടാം ദിനം ലഞ്ചിന് ശേഷം ബാറ്റിംഗ് തുടരുമ്പോള്‍ നാലിന് 111 എന്ന നിലയിലായിരുന്നു. എന്നാല്‍ ഷായ് ഹോപ്പ് (21), കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡായതോടെ വിന്‍ഡീസിന്റെ തകര്‍ച്ച തുടങ്ങി. അധികം വൈകാതെ കിംഗ്, ലിയോണിന്റെ പന്തില്‍ പുറത്തായി. ഇതോടെ ആറിന് 169 എന്ന നിലയിലായി വിന്‍ഡീസ്. തുടര്‍ന്നെത്തിയ അല്‍സാരി ജോസഫ് (27), ഷമാര്‍ ജോസഫ് (29) എന്നിവരാണ് വിന്‍ഡീസിനെ 250 കടത്താന്‍ സഹായിച്ചത്.

അത്ര നല്ലതായിരുന്നില്ല വിന്‍ഡീസിന്റെ തുടക്കവും. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (0) തുടക്കത്തില്‍ തന്നെ മടങ്ങി. ഹേസല്‍വുഡിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ബ്രാത്വെയ്റ്റ് മടങ്ങുന്നത്. ജോണ്‍ ക്യാംപല്‍ (40) നന്നായി തുടങ്ങിയെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. വെബ്സ്റ്ററിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കിയാണ് മടങ്ങുന്നത്. ഇതോടെ മൂന്നിന് 64 എന്ന നിലയിലായി വിന്‍ഡീസ്. പിന്നീട് ചേസ് - കിംഗ് സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലഞ്ചിന് ശേഷം ഹേസല്‍വുഡ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. ചേസ്, ഓസീസ് പേസറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി.

നേരത്തെ അലക്സ് ക്യാരി (63), വെബ്സ്റ്റര്‍ (60) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അല്‍സാരി ജോസഫ് നാല് വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാലു വിക്കറ്റെടുത്തപ്പോള്‍ ജെയ്ഡന്‍ സീല്‍സ് രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച ഓസ്ട്രേലിയ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

YouTube video player