മത്സരം നോര്‍ത്ത് സോണിന് നിരാശയാണ് സമ്മാനിച്ചതെങ്കിലും അവരുടെ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിംഗിന്റെ തകര്‍പ്പന്‍ ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പുതുച്ചേരി: ദിയോദര്‍ ട്രോഫിയില്‍ നോര്‍ത്ത് സോണിനെതിരെ 185 റണ്‍സിന്റെ കൂറ്റന്‍ ജയം നേടാന്‍ സൗത്ത് സോണിനായിരുന്നു. രോഹന്‍ കുന്നുമ്മല്‍ (70), എന്‍ ജഗദീഷന്‍ (72), മായങ്ക് അഗര്‍വാള്‍ (64) എന്നിവരുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ നോര്‍ത്ത് സോണ്‍ 23 ഓവറില്‍ 60ന് എല്ലാവരും പുറത്തായി. 

മത്സരം നോര്‍ത്ത് സോണിന് നിരാശയാണ് സമ്മാനിച്ചതെങ്കിലും അവരുടെ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിംഗിന്റെ തകര്‍പ്പന്‍ ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി. മായങ്ക് യാദവിന്റെ പന്തില്‍ റിക്കി ഭുയിയെ പുറത്താക്കാനെടുത്ത ക്യാച്ചാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. യാദവിന്റെ ബൗണ്‍സര്‍ ഭുയിയുടെ ഗ്ലൗസില്‍ തട്ടി പൊങ്ങിയപ്പോള്‍ പ്രഭ്‌സിമ്രാന്‍ പറന്നുപിടിക്കുകയായിരുന്നു. വീഡിയോ കാണാം... 

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരമാണ് പ്രഭ്‌സിമ്രാന്‍. 22കാരനായ താരം പഞ്ചാബ് കിംഗ്‌സിന്റെ താരമാണ്. 14 മത്സരങ്ങളില്‍ പഞ്ചാബിനായി കളിച്ച താരം 358 റണ്‍സും നേടി. 

മറ്റൊരു മത്സരത്തില്‍ സെന്‍ട്രല്‍ സോണിനെ ആറ് വിക്കറ്റിന് ഈസ്റ്റ് സോണ്‍ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സെന്‍ട്രല്‍ സോണ്‍ നിശ്ചിത ഓവറില്‍ 207ന് എല്ലാവരും പുറത്തായി. 64 റണ്‍സ് നേടിയ റിങ്കു സിംഗ് മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ഈസ്റ്റ് സോണ്‍ 46.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 89 റണ്‍സ് നേടിയ ഉത്കര്‍ഷ് സിംഗാണ് ഈസ്റ്റ് സോണിനെ വിജയത്തിലേക്ക് നയിച്ചത്.

നോര്‍ത്ത് ഈസ്റ്റ് സോണിനെതിരെ, വെസ്റ്റ് സോണ്‍ ഒമ്പത് വിക്കറ്റിന്റെ വിജയം നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നോര്‍ത്ത് ഈസ്റ്റ് 47 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. 38 റണ്‍സെടുത്ത ഇംലിവാതി ലെംതുറാണ് നോര്‍ത്ത് ഈസ്റ്റിന്റെ ടോപ് സ്‌കോറര്‍. വെസ്റ്റ് സോണ്‍ 25.1 ഓവറില് ലക്ഷ്യം മറികടന്നു. പ്രിയങ്ക് പാഞ്ചല്‍ (99) പുറത്താവാതെ നിന്നു. ഹര്‍വിക് ദേശായ് (85) തിളങ്ങി. രാഹുല്‍ ത്രിപാഠിയും (13) പ്രിയങ്കിനൊപ്പം ക്രീസിലുണ്ടായിരുന്നു.

'ഹര്‍മന്‍പ്രീത് കൗര്‍ എല്ലാ സീമകളും ലംഘിച്ചു'; ശകാരിച്ച് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍, ഐസിസി നടപടിക്ക് പിന്തുണ