സഞ്ജു സാംസണ് രാജസ്ഥാൻ റോയൽസ് വികാരനിർഭരമായ യാത്രയയപ്പ് നൽകി. സഹതാരങ്ങളായ ജയ്‌സ്വാളും പരാഗും സഞ്ജുവിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ക്ലബ്ബ് പുറത്തുവിട്ടു.

ജയ്പൂര്‍: സഞ്ജു സാംസണ് യാത്രയയപ്പ് നല്‍കി രാജസ്ഥാന്‍ റോയല്‍സ്. പ്രത്യേകം ഒരുക്കിയ വീഡിയോ സോഷ്യല്‍ മീഡയയില്‍ അപ്‌ലോഡ് ചെയ്താണ് രാജസ്ഥാന്‍ സഞ്ജുവിനെ പറഞ്ഞയച്ചത്. യശസ്വി ജയ്്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, വൈഭവ് സൂര്യവന്‍ഷി, സന്ദീപ് ശര്‍മ, കുമാര്‍ സംഗക്കാര എന്നിവരെല്ലാം വീഡിയോയില്‍ സഞ്ജുവിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. കൂടെ സഞ്ജുവിന്റെ തുടക്കകാലം തൊട്ടുള്ള വീഡോയോകളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സഞ്ജു തനിക്ക് മൂത്ത സഹോദരനെ പോലെയാണെന്നാണ് ജയ്‌സ്വാള്‍ പറയുന്നത്. രാജസ്ഥാനില്‍ ഉണ്ടായിരുന്ന സമയമത്രയും അദ്ദേഹം തന്നെ പിന്തുണച്ചിരുന്നുവെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. ഞാന്‍ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച ക്യാപ്റ്റനാണ് സഞ്ജുവെന്ന് സന്ദീപ് ശര്‍മ വീഡിയോയില്‍ പറയുന്നു. എല്ലാകാലത്തും സഞ്ജുവിന്റെ ആരാധകനെന്ന് റിയാന്‍ പരാഗും അഭിപ്രായപ്പെട്ടു. സഞ്ജുവിന്റെ പേര് പറയാതെ രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് പറയാന്‍ സാധിക്കില്ലെന്ന് ജുറലും പറയുന്നു.

രാജസ്ഥാനില്‍ വന്ന സമയം മുതലുള്ള കാര്യങ്ങളും സഞ്ജു വീഡിയോല്‍ പങ്കുവെക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സ് പുറത്തിറക്കിയ യാത്രയയപ്പ് വീഡിയോ കാണാം...

View post on Instagram

ഇന്ന് സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കെന്നുള്ള കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. ചെന്നൈയില്‍ സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കില്ല. റുതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മൂവരും ധാരാണാപത്രത്തില്‍ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു.

നേരത്തെ, കറനെ ഉള്‍പ്പെടുന്നതില്‍ രാജസ്ഥാന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് രാജസ്ഥാന്‍ അറിയിച്ചു. സഞ്ജുവിന് പകരം രാജസ്ഥാനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്. നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്. ഒരു സീസണില്‍ ജഡേജ, ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.