ഇരുന്നും ചരിഞ്ഞും റാഷിദ് ഖാന്‍റെ കൊലത്തൂക്ക്! വന്യമായ ഷോട്ടുകള്‍; ചിരിക്കണോ കരയണോ എന്നറിയാതെ സ്റ്റാര്‍ക്ക്
മുഹമ്മദ് നബി പുറത്താവുമ്പോള്‍ 45.3 ഓവറില്‍ അഞ്ചിന് 233 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. പിന്നീട് 27 പന്തില്‍ 58 റണ്‍സാണ് പിറന്നത്. ഇതില്‍ ഭൂരിഭാഗവും റാഷിദിന്റെ സംഭാവനയായിരുന്നു.

മുംബൈ: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച സ്‌കോറാണ് അഫ്ഗാനിസ്ഥാന്‍ പടുത്തുയര്‍ത്തിയത്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന് ഇബ്രാഹിം സദ്രാന്റെ (143 പന്തില്‍ 129) ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് നേടിയത്. എന്നാല്‍ അഫ്ഗാനെ 300ന് അടുത്തുള്ള സ്‌കോറിലേക്ക് നയിച്ചത് റാഷിദ് ഖാന്റെ ഇന്നിഗ്‌സായിരുന്നു. ഏഴാമനായി ക്രീസിലെത്തി 18 പന്തുകള്‍ മാത്രം നേരിട്ട റാഷിദ് 35 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു.
മുഹമ്മദ് നബി പുറത്താവുമ്പോള്‍ 45.3 ഓവറില്‍ അഞ്ചിന് 233 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. പിന്നീട് 27 പന്തില്‍ 58 റണ്‍സാണ് പിറന്നത്. ഇതില്‍ ഭൂരിഭാഗവും റാഷിദിന്റെ സംഭാവനയായിരുന്നു. റാഷിദ് തന്റെ ഇന്നിംഗ്‌സിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ നേടിയ ഒരു സിക്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ദേഹത്തേക്ക് വന്ന പന്ത് റാഷിദ് കുനിഞ്ഞിരുന്ന് ആഞ്ഞ് വീശി. അവിശ്വസനീയമായി പന്ത് ബൗണ്ടറി ലൈന്‍ കടന്നു. പന്തെറിഞ്ഞ സ്റ്റാര്‍ക്ക് ഇങ്ങനേയുമൊരു ഷോട്ടോ എന്നുള്ള രീതിയില്‍ ഒരു ചിരിയും കൊടുത്തു. ആ ഓവറില്‍ നേരത്തെ ഒരു ഫോറും സിക്‌സും റാഷിദ് നേടിയിരുന്നു. വീഡിയോ കാണാം..
നേരത്തെ, മോശം തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. 38 റണ്‍സിനിടെ റഹ്മാനുള്ള ഗുര്‍ബാസിനെ (21) അഫ്ഗാന് നഷ്ടമായി. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റഹ്മത്ത് ഷാ (30) - സദ്രാന്‍ സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. നല്ല രീതിയില്‍ കൂട്ടുകെട്ട് മുന്നോട്ട് പോകുമ്പോള്‍ റഹ്മത്ത് മടങ്ങി. ഗ്ലെന്‍ മാക്‌സ്‌വെല്ലിനായിരുന്നു വിക്കറ്റ്. വിക്കറ്റ് പോയെന്ന് മാത്രമല്ല, വേണ്ടത്ര വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ അഫ്ഗാന്‍ താരങ്ങള്‍ക്കായില്ല. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദി (26), അസ്മതുള്ള ഒമര്‍സായ് (22), മുഹമ്മദ് നബി (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
നബി മടങ്ങുമ്പോള്‍ 45.3 ഓവറില്‍ അഞ്ചിന് 233 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. പിന്നീടായിരുന്നു റാഷിദിന്റെ നിര്‍ണായക പ്രകടനം. ഇതിനിടെ സദ്രാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 143 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെയാണ് താരം 129 റണ്‍സെടുത്തത്. റാഷിദ് - സദ്രാന്‍ സഖ്യം 58 റണ്‍സ് നേടി.